Home › Football › ആൻഫീൽഡിൽ സഡൻ ഡെത്ത് ത്രില്ലർ; ചെൽസിയെ വീഴ്ത്തി ലിവർപൂൾ ക്വാർട്ടറിൽ

ആൻഫീൽഡിൽ സഡൻ ഡെത്ത് ത്രില്ലർ; ചെൽസിയെ വീഴ്ത്തി ലിവർപൂൾ ക്വാർട്ടറിൽ

ഇഎഫ്എൽ കപ്പിൽ 1-1 സമനിലയ്ക്ക് ശേഷം ഷൂട്ടൗട്ടിൽ 6-5 ജയം. മാഞ്ചസ്റ്റർ സിറ്റി, ബോൺമൗത്ത്, ക്രിസ്റ്റൽ പാലസ്, സണ്ടർലാൻഡ് ടീമുകളും ക്വാർട്ടറിൽ

ആൻഫീൽഡിൽ സഡൻ ഡെത്ത് ത്രില്ലർ; ചെൽസിയെ വീഴ്ത്തി ലിവർപൂൾ ക്വാർട്ടറിൽ
Image Courtesy: https://www.facebook.com/LiverpoolFC

ലിവർപൂൾ: ഇഎഫ്എൽ കപ്പ് (കരബാവോ കപ്പ്) നാലാം റൗണ്ടിലെ സൂപ്പർ പോരാട്ടത്തിൽ ചെൽസിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന് ലിവർപൂൾ ക്വാർട്ടർ ഫൈനലിൽ. ആൻഫീൽഡിൽ നിശ്ചിത സമയത്ത് 1-1ന് സമനില പാലിച്ച മത്സരം സഡൻ ഡെത്തിലേക്ക് നീണ്ട ഷൂട്ടൗട്ടിൽ 6-5നാണ് ലിവർപൂളിന്റെ ജയം. എട്ടാം കിക്കെടുത്ത ചെൽസിയുടെ വെസ്ലി ഫൊഫാനയുടെ ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പറന്നതോടെയാണ് ആവേശപ്പോരാട്ടത്തിന് അവസാനമായത്.

രണ്ട് ഗോളുകളും പെനാൽറ്റിയിൽ നിന്നായിരുന്നു. 40ആം മിനിറ്റിൽ മോർഗൻ റോജേഴ്സ് പെനാൽറ്റി വലയിലെത്തിച്ച് ചെൽസിയെ മുന്നിലെത്തിച്ചു. മൂന്ന് മിനിറ്റിനകം കോഡി ഗാക്പോയുടെ പെനാൽറ്റിയിലൂടെ ലിവർപൂൾ ഒപ്പമെത്തി. പിന്നീട് ഗോൾ വീണില്ല. ഷൂട്ടൗട്ടിലും റോജേഴ്സും ഗാക്പോയും ലക്ഷ്യം കണ്ടു.

ഷൂട്ടൗട്ടിൽ ആദ്യ മൂന്ന് വീതം കിക്കുകൾ ഇരു ടീമുകളും ലക്ഷ്യത്തിലെത്തിച്ചു. ലിവർപൂളിനായി അലക്സിസ് മക് അലിസ്റ്റർ, അലക്സാണ്ടർ ഇസാക്ക്, ഗാക്പോ എന്നിവരും ചെൽസിക്കായി പെഡ്രോ നെറ്റോ, റോജേഴ്സ്, റോമിയോ ലാവിയ എന്നിവരും ഗോൾ നേടി. നാലാം കിക്ക് ഫ്ലോറിയൻ വിർട്സ് വലയിലെത്തിച്ചപ്പോൾ ചെൽസിയുടെ വാലന്റീൻ ബാർക്കോയുടെ ഷോട്ട് പോസ്റ്റിൽ തട്ടിമടങ്ങി. അഞ്ചാം കിക്ക് ലക്ഷ്യത്തിലെത്തിച്ചിരുന്നെങ്കിൽ ലിവർപൂളിന് അവിടെ തന്നെ ജയിക്കാമായിരുന്നു. എന്നാൽ കോസ്റ്റാസ് സിമിക്കാസിന്റെ ഷോട്ട് പുറത്തേക്ക് പോയി. ജോർദാൻ ഹെൻഡേഴ്സൺ ലക്ഷ്യം കണ്ടതോടെ സ്കോർ 4-4 ആയി കളി സഡൻ ഡെത്തിലേക്ക്.

സഡൻ ഡെത്തിലെ ആദ്യ കിക്കുകൾ ബ്രാഡ്ലി ബാർക്കോളയും ലെവി കോൾവില്ലും വലയിലെത്തിച്ചു. തുടർന്ന് രണ്ട് ഗോളിമാരുടെയും ഊഴം. റയാൻ ഗ്രാവൻബെർച്ചിന്റെ കിക്ക് ചെൽസി ഗോളി മൈക്ക് പെൻഡേഴ്സ് തടഞ്ഞു. ഇമ്മാനുവൽ എമെഗയുടെ ഷോട്ട് ലിവർപൂൾ ഗോളി ജോർജി മമർദാഷ്വിലിയും തടഞ്ഞു. ജോ ഗോമസ് ലിവർപൂളിനെ 6-5ന് മുന്നിലെത്തിച്ചതോടെ സമ്മർദ്ദം ഫൊഫാനയുടെ ചുമലിലായി. അദ്ദേഹത്തിന്റെ ഷോട്ട് പാഴായതോടെ ആൻഫീൽഡ് ആഘോഷത്തിലായി.

എത്തിഹാദ് സ്റ്റേഡിയത്തിൽ ബ്രൈറ്റണുമായി 2-2ന് സമനില പാലിച്ച മാഞ്ചസ്റ്റർ സിറ്റി ഷൂട്ടൗട്ടിൽ 4-3ന് ജയിച്ചു. രണ്ട് തവണ പിന്നിൽ നിന്ന ശേഷമാണ് സിറ്റി തിരിച്ചുവന്നത്. മാലിക് യാൽകുയെ (30), ജോർജിനിയോ റൂട്ടർ (47) എന്നിവർ ബ്രൈറ്റണായിയും മാറ്റിയോ കൊവാസിച്ച് (40), വിറ്റോർ റെയ്സ് (72) എന്നിവർ സിറ്റിക്കായും ഗോൾ നേടി. ഷൂട്ടൗട്ടിൽ യാസിൻ അയാരിയുടെയും ലൂയിസ് ഡങ്കിന്റെയും കിക്കുകൾ തടഞ്ഞ ഗോളി ജെറോനിമോ റുള്ളിയാണ് സിറ്റിയുടെ താരം.

സ്റ്റേഡിയം ഓഫ് ലൈറ്റിൽ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോൾ നേടിയ സണ്ടർലാൻഡ് ബ്രെന്റ്ഫോർഡിനെ 3-2ന് തോൽപ്പിച്ചു. ഷെംസ്ദിൻ താൽബി (26), ടിമുർ ടുടിയെറോവ് (29), മാലിക് ഫൊഫാന (39) എന്നിവരാണ് സണ്ടർലാന്റിനായി സ്കോർ ചെയ്തത്. രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയത് ജോസലിൻ ടാ ബിയാണ്. 42ആം മിനിറ്റിൽ കാലം വിൽസണും ഇഞ്ച്വറി ടൈമിൽ ഇഗോർ തിയാഗോയും ബ്രെന്റ്ഫോർഡിനായി ലക്ഷ്യം കണ്ടെങ്കിലും തോൽവി ഒഴിവാക്കാൻ കഴിഞ്ഞില്ല.

സ്വന്തം മൈതാനത്ത് ബോൺമൗത്ത് ആസ്റ്റൺ വിലയെ 3-0ന് തകർത്തു. ഏഴാം മിനിറ്റിൽ അമീൻ അദ്ലി ഗോൾവേട്ട തുടങ്ങി. ലൂയിസ് കുക്ക് (51), അൽവാരോ റോഡ്രിഗസ് (69) എന്നിവരും ലക്ഷ്യം കണ്ടു. ഫുൾഹാമിനെ അവരുടെ തട്ടകത്തിൽ 1-0ന് തോൽപ്പിച്ചാണ് ക്രിസ്റ്റൽ പാലസിന്റെ മുന്നേറ്റം. 37ആം മിനിറ്റിൽ എഡ്ഡി എൻകെതിയയാണ് വിജയഗോൾ നേടിയത്.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕