Home › ISL › ഇഞ്ച്വറി ടൈമിൽ ഗോവയുടെ രക്ഷകനായി ബയ്യേഹോ; ഡൽഹിക്കെതിരെ സമനില

ഇഞ്ച്വറി ടൈമിൽ ഗോവയുടെ രക്ഷകനായി ബയ്യേഹോ; ഡൽഹിക്കെതിരെ സമനില

ഐ.എസ്.എലിൽ സ്വന്തം തട്ടകമായ ഫത്തോർഡയിൽ എസ്.സി. ഡൽഹിക്കെതിരെ ഗോവയ്ക്കായി അവസാന നിമിഷം അലക്സ് ബയ്യേഹോയുടെ ഗോൾ. സീസണിലെ രണ്ടാം സമനിലയുമായി ഗോവ എട്ടാമത്

ഇഞ്ച്വറി ടൈമിൽ ഗോവയുടെ രക്ഷകനായി ബയ്യേഹോ; ഡൽഹിക്കെതിരെ സമനില
Image Courtesy: https://www.facebook.com/FCGoaOfficial

മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗിൽ സ്വന്തം തട്ടകത്തിൽ തോൽവി ഉറപ്പിച്ച ഘട്ടത്തിൽ എഫ്.സി. ഗോവയുടെ രക്ഷകനായി അലക്സ് ബയ്യേഹോ. ഫത്തോർഡ സ്റ്റേഡിയത്തിൽ എസ്.സി. ഡൽഹിക്കെതിരെ ഒരു ഗോളിന് പിന്നിൽ നിന്ന ഗോവ, ഇഞ്ച്വറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ സ്പാനിഷ് ഡിഫൻഡറുടെ ഗോളിൽ 1-1ന് സമനില പിടിച്ചു. സെറ്റ് പീസിനൊടുവിൽ ഫ്രാൻചുവിന്റെ അസിസ്റ്റിൽ തൊട്ടുമുന്നിൽ നിന്ന് വലതുകാൽകൊണ്ടായിരുന്നു ബയ്യേഹോയുടെ ഫിനിഷ്.

ആദ്യപകുതി ഗോളില്ലാതെ പിരിഞ്ഞ ശേഷം 51ആം മിനിറ്റിൽ യുവാൻ പെന്യയാണ് ഡൽഹിയെ മുന്നിലെത്തിച്ചത്. റോഡ്രിഗീഞ്ഞോയുടെ പാസിൽ ബോക്സിന്റെ നടുവിൽ നിന്ന് കൊള്ളിച്ച വലതുകാൽ ഷോട്ട് ഗോളി ബി. ജാക്സണെ കീഴടക്കി. 66ആം മിനിറ്റിൽ പെന്യയെ പിൻവലിച്ച് കാർലോസ് ഫോർട്ടസിനെ ഇറക്കിയ ഡൽഹി ലീഡ് കാത്തുസൂക്ഷിക്കാൻ ശ്രമിച്ചെങ്കിലും അവസാന നിമിഷം കണക്കുകൂട്ടലുകൾ പിഴച്ചു.

ഗോളടിക്കാൻ ഗോവ പരിശീലകൻ ഗൗരമാംഗി സിങ് രണ്ടാം പകുതിയിൽ നാല് മാറ്റങ്ങൾ വരുത്തി. മലയാളി താരം മുഹമ്മദ് നെമിൽ ആദ്യ ഇലവനിൽ ഇറങ്ങി 76ആം മിനിറ്റിൽ പകരക്കാരന് വഴിമാറി. സന്ദേശ് ഝിങ്കനാണ് ഗോവയെ നയിച്ചത്.

രണ്ട് കളികളിൽ രണ്ടും സമനിലയായതോടെ രണ്ട് പോയിന്റുമായി ഗോവ എട്ടാം സ്ഥാനത്താണ്. മൂന്ന് കളികളിൽ ആദ്യ പോയിന്റ് നേടിയ എസ്.സി. ഡൽഹി 11ആം സ്ഥാനത്താണ്. മൂന്ന് കളികളിൽ നിന്ന് നാല് പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തുണ്ട്. ഏഴ് പോയിന്റുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ഒന്നാമത്.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕