അതുലിന്റെ റെക്കോർഡ് കുതിപ്പ്; വേഗറാണിയായി ഋതുപർണ
സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ 15 വർഷം പഴക്കമുള്ള മീറ്റ് റെക്കോർഡ് തകർത്ത് ആലപ്പുഴയുടെ ടി.എം. അതുൽ. ആറു വിഭാഗങ്ങളിൽ മൂന്നിലും സ്വർണം ജി.വി. രാജ സ്പോർട്സ് സ്കൂളിന്

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയുടെ വേഗരാജാവായി ആലപ്പുഴ ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസിലെ ടി.എം. അതുൽ. സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ 10.63 സെക്കൻഡിൽ ഫിനിഷ് ചെയ്ത പന്ത്രണ്ടാം ക്ലാസുകാരൻ 2011ൽ കുറിച്ച 10.7 സെക്കൻഡിന്റെ മീറ്റ് റെക്കോർഡ് തിരുത്തിക്കുറിച്ചു. ജൂനിയർ വിഭാഗം 100 മീറ്ററിലെ നിലവിലെ മീറ്റ് റെക്കോർഡും അതുലിന്റെ പേരിലാണ്; കഴിഞ്ഞ വർഷം ജൂനിയറിൽ റെക്കോർഡ് കുറിച്ച താരം ഇത്തവണ സീനിയറിലും റെക്കോർഡ് സ്വന്തമാക്കി. കോട്ടയം മുരിക്കുംവയൽ ഗവ. വി.എച്ച്.എസ്.എസിലെ ശ്രീഹരി സി. ബിനു (10.74) വെള്ളിയും കൊല്ലം സെന്റ് അലോഷ്യസ് എച്ച്.എസ്.എസിലെ ട്രോയ് എം.എസ്. ഹെൻസൺ (10.91) വെങ്കലവും നേടി.
സീനിയർ പെൺകുട്ടികളിൽ പാലക്കാട് വടവന്നൂർ വി.എം.എച്ച്.എസിലെ ആർ. ഋതുപർണയാണ് വേഗറാണി. 12.43 സെക്കൻഡിൽ ഋതുപർണ ഒന്നാമതെത്തി. എന്നാൽ സമയത്തിൽ ഋതുപർണയെക്കാൾ മുന്നിൽ ജൂനിയർ വിഭാഗത്തിലെ ജിൽഷ ജിനിലാണ്; മേളയിലെ പെൺകുട്ടികളിൽ ഏറ്റവും മികച്ച സമയം ജിൽഷയുടേതാണ് (12.29). 1500 മീറ്ററിലും 400 മീറ്ററിലും സ്വർണം നേടിയ നിവേദ്യ കലാധറിന്റെ സ്കൂളാണ് വടവന്നൂർ. ആലപ്പുഴ സെന്റ് ജോസഫ്സ് ഗേൾസ് എച്ച്.എസ്.എസിലെ ആർ. ശ്രേയ (12.73) വെള്ളിയും കലവൂർ ഗവ. എച്ച്.എസ്.എസിലെ ബി. സരയു ലക്ഷ്മി (12.86) വെങ്കലവും നേടി.
ജൂനിയർ ആൺകുട്ടികളിലും ആലപ്പുഴയ്ക്കാണ് സ്വർണം. ആലപ്പുഴ ലിയോ തേർട്ടീന്ത് എച്ച്.എസ്.എസിലെ പത്താം ക്ലാസുകാരൻ മിലൻ ജോർജ് 11.02 സെക്കൻഡിൽ ഓടിയെത്തി. ഇന്ന് രാവിലെ ലോങ്ങ് ജംപിൽ മീറ്റ് റെക്കോർഡിട്ട കോരുതോട് സി.കെ.എം.എച്ച്.എസ്.എസിലെ വിഷ്ണു യാദവ് 11.07 സെക്കൻഡുമായി വെള്ളി നേടി; മേളയിൽ വിഷ്ണുവിന്റെ രണ്ടാം മെഡൽ. തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലെ ഗൗരേഷ് ബിനോയ് (11.27) വെങ്കലം നേടി.
ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലെ മൂന്ന് സ്വർണം ജി.വി. രാജ സ്പോർട്സ് സ്കൂൾ സ്വന്തമാക്കി. ജൂനിയർ പെൺകുട്ടികളിൽ ജിൽഷ ജിനിൽ (12.29), സബ് ജൂനിയർ പെൺകുട്ടികളിൽ എസ്. സങ്കീർത്തന (13.10), സബ് ജൂനിയർ ആൺകുട്ടികളിൽ എം. ശ്രീഹരി (12.01) എന്നിവരാണ് ജി.വി. രാജയ്ക്കായി ഒന്നാമതെത്തിയത്. ജൂനിയർ പെൺകുട്ടികളിൽ പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസിലെ എസ്. ആൻവി (12.65) വെള്ളിയും ആലപ്പുഴ സെന്റ് ജോസഫ്സിലെ സ്നേഹ ശ്യാം (12.82) വെങ്കലവും നേടി. സബ് ജൂനിയർ പെൺകുട്ടികളിൽ സെന്റ് ജോസഫ്സിലെ ഹർഷ ജോൺ (13.20) വെള്ളിയും തമ്പകച്ചുവട് ഗവ. യു.പി.എസിലെ എസ്. സ്നേഹ (13.38) വെങ്കലവും നേടി. സബ് ജൂനിയർ ആൺകുട്ടികളിൽ കടകശ്ശേരി ഐഡിയലിലെ കെ.വി. മുഹമ്മദ് ഇസാൻ (12.13) വെള്ളിയും മേപ്പയൂർ ജി.വി.എച്ച്.എസ്.എസിലെ ഫസൽ മുഹമ്മദ് (12.18) വെങ്കലവും നേടി.
ആറ് 100 മീറ്റർ ഫൈനലുകളിലുമായി ആലപ്പുഴ രണ്ട് സ്വർണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും നേടി. ഇതിൽ മൂന്ന് മെഡലുകൾ ആലപ്പുഴ സെന്റ് ജോസഫ്സ് ഗേൾസ് എച്ച്.എസ്.എസിലെ താരങ്ങളുടേതാണ്. അതുലിന്റേതൊഴികെ മറ്റു വിഭാഗങ്ങളിലൊന്നും മീറ്റ് റെക്കോർഡ് പിറന്നില്ല.




