Home › School Games › ക്രോസ് കൺട്രിയിൽ പാലക്കാടിന് ഇരട്ടക്കിരീടം; വൈഷ്ണവിനും ലയനകൃഷ്ണയ്ക്കും വ്യക്തിഗത സ്വർണം

ക്രോസ് കൺട്രിയിൽ പാലക്കാടിന് ഇരട്ടക്കിരീടം; വൈഷ്ണവിനും ലയനകൃഷ്ണയ്ക്കും വ്യക്തിഗത സ്വർണം

പെൺകുട്ടികളുടെ വിഭാഗത്തിൽ ആദ്യ അഞ്ചിൽ നാലും പാലക്കാടിന്; പുതുപ്പരിയാരം സ്കൂളിന് ഒന്നും നാലും അഞ്ചും സ്ഥാനങ്ങൾ

ക്രോസ് കൺട്രിയിൽ പാലക്കാടിന് ഇരട്ടക്കിരീടം; വൈഷ്ണവിനും ലയനകൃഷ്ണയ്ക്കും വ്യക്തിഗത സ്വർണം

കോഴിക്കോട്: സംസ്ഥാന സ്കൂൾ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീം കിരീടം പാലക്കാടിന്. എൻ.ഐ.ടി. കോഴിക്കോട് കാമ്പസിൽ നടന്ന ആൺകുട്ടികളുടെ ആറ് കിലോമീറ്ററിൽ കല്ലിങ്ങൽപറമ്പ എം.എസ്.എം.എച്ച്.എസ്.എസിലെ പി. വൈഷ്ണവും പെൺകുട്ടികളുടെ നാല് കിലോമീറ്ററിൽ പുതുപ്പരിയാരം സി.ബി.കെ.എം. ഗവ. എച്ച്.എസ്.എസിലെ ആർ. ലയനകൃഷ്ണയും വ്യക്തിഗത സ്വർണം നേടി.

പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടിന്റെ സമ്പൂർണ ആധിപത്യമായിരുന്നു. 14 മിനിറ്റ് 54 സെക്കൻഡിൽ ലയനകൃഷ്ണ ഓടിയെത്തി. പറളി എച്ച്.എസിലെ എം. എനിയയും സായ് തലശ്ശേരിയിലെ എസ്. അഭിരാമിയും 15:06 എന്ന ഒരേ സമയത്തിൽ ഫിനിഷ് ചെയ്തെങ്കിലും എനിയയ്ക്കാണ് വെള്ളി. പുതുപ്പരിയാരത്തിലെ പി. പ്രീതി കൃഷ്ണ (15:16) നാലാമതും എ. അഞ്ജനകൃഷ്ണ (15:18) അഞ്ചാമതും എത്തി. ആദ്യ അഞ്ചിൽ നാലും സ്വന്തമാക്കിയ പാലക്കാട് 12 പോയിന്റുമായി ടീം കിരീടം ചൂടി. 33 പോയിന്റുമായി കണ്ണൂർ രണ്ടാമതും 66 പോയിന്റുമായി ഇടുക്കി മൂന്നാമതും എത്തി.

ആൺകുട്ടികളുടെ വിഭാഗത്തിൽ 19 മിനിറ്റ് 37 സെക്കൻഡിൽ ഓടിയെത്തിയാണ് വൈഷ്ണവ് മലപ്പുറത്തിന് സ്വർണം നേടിയത്. പുതുനഗരം എം.എച്ച്.എസ്.എസിലെ എം. ലനീഷ് (19:54) വെള്ളിയും മുണ്ടൂർ എച്ച്.എസിലെ എൽ. അർജുൻ (20:03) വെങ്കലവും നേടി. എന്നാൽ ആദ്യ എട്ടിൽ നാലുപേരെ എത്തിച്ച പാലക്കാട് 20 പോയിന്റുമായി ടീം കിരീടം സ്വന്തമാക്കി. ചിറ്റൂർ ജി.എച്ച്.എസ്.എസിലെ സി.വി. അരുൾ ഏഴാമതും പുതുപ്പരിയാരത്തിലെ എം.പി. ശ്രീധർഷ് എട്ടാമതും എത്തി. വൈഷ്ണവിന്റെയും അരീക്കോട് എസ്.ഒ.എച്ച്.എസിലെ ആദിത്യൻ സൈനുവിന്റെയും (അഞ്ചാം സ്ഥാനം) മികവിൽ 25 പോയിന്റുമായി മലപ്പുറം രണ്ടാമതെത്തി. എറണാകുളം (58) മൂന്നാം സ്ഥാനത്തും വയനാട് (67) നാലാം സ്ഥാനത്തുമാണ്.

പുതുപ്പരിയാരം സി.ബി.കെ.എം. ഗവ. എച്ച്.എസ്.എസിന്റെ പ്രകടനമാണ് ശ്രദ്ധേയം. പെൺകുട്ടികളിൽ ഒന്നും നാലും അഞ്ചും സ്ഥാനങ്ങളും ആൺകുട്ടികളിൽ എട്ടാം സ്ഥാനവും ഈ സ്കൂളിനാണ്. പാലക്കാടിന്റെ ഇരട്ട ടീം കിരീടത്തിൽ നിർണായകമായതും ഈ പ്രകടനമാണ്.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕