Home › School Games › ഹർഡിൽസിൽ സ്വന്തം റെക്കോർഡ് തിരുത്തി ശ്രീഹരി കരിക്കൻ; മേളയിൽ രണ്ടാം മീറ്റ് റെക്കോർഡ്

ഹർഡിൽസിൽ സ്വന്തം റെക്കോർഡ് തിരുത്തി ശ്രീഹരി കരിക്കൻ; മേളയിൽ രണ്ടാം മീറ്റ് റെക്കോർഡ്

ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ 52.44 സെക്കൻഡ്; സീനിയർ വിഭാഗത്തിൽ ഐഡിയലിന്റെ അബ്ദുൽ ബാസിത്തും വടവന്നൂരിന്റെ ജെ. ജയലക്ഷ്മിയും ജേതാക്കൾ

ഹർഡിൽസിൽ സ്വന്തം റെക്കോർഡ് തിരുത്തി ശ്രീഹരി കരിക്കൻ; മേളയിൽ രണ്ടാം മീറ്റ് റെക്കോർഡ്

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ ജി.വി. രാജ സ്പോർട്സ് സ്കൂളിലെ ശ്രീഹരി കരിക്കന് രണ്ടാം മീറ്റ് റെക്കോർഡ്. ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ 52.44 സെക്കൻഡിൽ ഓടിയെത്തിയ ശ്രീഹരി, കഴിഞ്ഞ വർഷം താൻ തന്നെ കുറിച്ച 54.14 സെക്കൻഡിന്റെ റെക്കോർഡാണ് തിരുത്തിയത്. ഒരു വർഷം കൊണ്ട് 1.70 സെക്കൻഡാണ് ശ്രീഹരി സ്വന്തം സമയത്തിൽ നിന്ന് കുറച്ചത്. ഇതേ മേളയിൽ 400 മീറ്ററിൽ 47.84 സെക്കൻഡുമായി ശ്രീഹരി നേരത്തെ മീറ്റ് റെക്കോർഡിട്ടിരുന്നു. 2017ൽ പാലയിൽ കുറിച്ച 48.88 ആണ് അന്ന് തകർന്നത്.

സായ് കൊല്ലത്തിലെ ആർച്ചിത് എസ്. നായർ (53.81) വെള്ളിയും പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസിലെ കെ.എസ്. സമർജിത് (54.65) വെങ്കലവും നേടി. സീനിയർ ആൺകുട്ടികളുടെ ജേതാവിനെക്കാളും വേഗത്തിലാണ് ശ്രീഹരി ഓടിയെത്തിയത്.

സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസിലെ അബ്ദുൽ ബാസിത് 53.01 സെക്കൻഡിൽ സ്വർണം നേടി. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ സോനു ചാക്കോ സെക്കൻഡിന്റെ എട്ട് നൂറിലൊന്ന് വ്യത്യാസത്തിൽ (53.09) വെള്ളിയിലൊതുങ്ങി. കണ്ണൂർ എ.വി.എസ്. ഗവ. എച്ച്.എസ്.എസിലെ കെ. അഭിനവിനാണ് (53.40) വെങ്കലം.

സീനിയർ പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ വടവന്നൂർ വി.എം.എച്ച്.എസിലെ ജെ. ജയലക്ഷ്മി 1:03.59ൽ ഓടിയെത്തി പാലക്കാടിന് സ്വർണം സമ്മാനിച്ചു. സായ് തലശ്ശേരിയിലെ ദേവിക സജീവ് (1:05.76) വെള്ളിയും തൃശൂർ എസ്.എച്ച്.സി.ജി.എച്ച്.എസ്.എസിലെ ബിയ ഫിലിപ്പ് (1:06.41) വെങ്കലവും നേടി. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ പുല്ലൂരാംപാറ സെന്റ് ജോസഫ്സിലെ എമിലിയ തെരേസ 1:05.90ൽ ഓടിയെത്തി ആതിഥേയരായ കോഴിക്കോടിന് സ്വർണം നേടിക്കൊടുത്തു. ജി.വി. രാജയിലെ പി.പി. ശിഖ (1:07.52) വെള്ളിയും ആലപ്പുഴ സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.എസിലെ ഏയ്ഞ്ചൽ റോസ് ടെൻസി (1:07.91) വെങ്കലവും സ്വന്തമാക്കി.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕