600 മീറ്ററിൽ അഭിഷേകിനും അമേഷയ്ക്കും സ്വർണം; കോരുത്തോടിന് ഒരു ദിവസം മൂന്ന് സ്വർണം
സീനിയർ ഹൈജംപിൽ ഇടുക്കിയുടെ കെ.എസ്. കേദാർനാഥ്, ട്രിപ്പിൾ ജംപിൽ അദബിയയും അബിയയും; കരാട്ടെയിൽ കണ്ണൂരിനും കൊല്ലത്തിനും തിരുവനന്തപുരത്തിനും സ്വർണം

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിലെ സബ് ജൂനിയർ ആൺകുട്ടികളുടെ 600 മീറ്ററിൽ കോട്ടയം കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസിലെ അഭിഷേക് 1:30.06ൽ ഓടിയെത്തി സ്വർണം നേടി. സബ് ജൂനിയർ പെൺകുട്ടികളുടെ 600 മീറ്ററിൽ നായരമ്പലം ഭഗവതി വിലാസം ഹൈസ്കൂളിലെ കെ.ജെ. അമേഷ 1:41.88ൽ ഓടിയെത്തി എറണാകുളത്തിന് സ്വർണം സമ്മാനിച്ചു. അഭിഷേകിന്റെ സ്വർണത്തോടെ കോരുത്തോട് സ്കൂളിന് വെള്ളിയാഴ്ച മാത്രം മൂന്ന് സ്വർണമായി. ജൂനിയർ ആൺകുട്ടികളുടെ ജാവലിനിൽ മുഹമ്മദ് സാഖിബും സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ആയുഷ് കുമാറും കോരുത്തോടിന്റെ സ്വർണം നേടിയിരുന്നു.
ആൺകുട്ടികളുടെ 600 മീറ്ററിൽ ജി.വി. രാജ സ്പോർട്സ് സ്കൂളിലെ ആർ.പി. ദീക്ഷിത് (1:31.90) വെള്ളിയും കോതമംഗലം മാർ ബേസിലിലെ അലൻ ബൈജു (1:33.46) വെങ്കലവും നേടി. പെൺകുട്ടികളിൽ തിരുവനന്തപുരം ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിലെ കെ.എസ്. ശിഖ (1:43.62) വെള്ളിയും കണ്ണൂർ ജി.വി.എച്ച്.എസ്.എസിലെ പി. പൂജ (1:44.85) വെങ്കലവും സ്വന്തമാക്കി. രണ്ട് വിഭാഗത്തിലും മീറ്റ് റെക്കോർഡ് പിറന്നില്ല.
ജൂനിയർ ആൺകുട്ടികളുടെ ജാവലിനിൽ 55.81 മീറ്റർ എറിഞ്ഞാണ് മുഹമ്മദ് സാഖിബ് ഒന്നാമതെത്തിയത്. ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസിലെ ശ്രീനന്ദ് എസ്. നായർ (51.93) വെള്ളിയും അടയ്ക്കാക്കുണ്ട് സി.എച്ച്.എസ്.എസിലെ ഫിസബാൻ ഹസൻ (50.52) വെങ്കലവും നേടി.
സീനിയർ ആൺകുട്ടികളുടെ ഹൈജംപിൽ പെരുവന്താനം സെന്റ് ജോസഫ്സ് എച്ച്.എസ്.എസിലെ കെ.എസ്. കേദാർനാഥ് 1.96 മീറ്റർ ചാടി ഇടുക്കിക്ക് സ്വർണം നേടിക്കൊടുത്തു. ആറ്റിങ്ങൽ സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റലിലെ എസ്. ഗോകുൽ (1.90) വെള്ളി നേടി. 1.85 മീറ്റർ ചാടിയ ജി.വി. രാജയിലെ ഡോൺ ജോണി, ഗുരുവായൂർ ശ്രീകൃഷ്ണ എച്ച്.എസ്.എസിലെ റിസ്വാൻ അബ്ദുൽ റസാഖ്, കടകശ്ശേരി ഐഡിയലിലെ ഐ. മുഹമ്മദ് ആദിൽ എന്നിവർ വെങ്കലം പങ്കിട്ടു.
സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ കീരംപാറ എം.എ. കോളേജ് സ്പോർട്സ് ഹോസ്റ്റലിലെ പി.എ. അദബിയ ഫർഹാൻ 11.63 മീറ്ററുമായി സ്വർണം നേടി. മൂർക്കനാട് എസ്.എസ്.എച്ച്.എസ്.എസിലെ ടി. മിൻഹ മറിയം (11.34) വെള്ളിയും ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസിലെ പി.പി. അസ്ലഹ ജാസ്മിൻ (11.33) വെങ്കലവും നേടി. ജൂനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ മുരിക്കുംവയൽ ഗവ. വി.എച്ച്.എസ്.എസിലെ അബിയ ആൻ ഗിഗി 11.47 മീറ്ററുമായി കോട്ടയത്തിന് സ്വർണം സമ്മാനിച്ചു. കടകശ്ശേരി ഐഡിയലിലെ നേഹ സുമേഷ് (11.32) വെള്ളിയും ജി.വി. രാജയിലെ എച്ച്.എസ്. ഹർഷ (11.25) വെങ്കലവും നേടി.
സീനിയർ കരാട്ടെയുടെ അവസാന മൂന്ന് വിഭാഗങ്ങളിൽ മൂന്ന് ജില്ലകൾക്ക് സ്വർണം ലഭിച്ചു. ആൺകുട്ടികളുടെ 82 കിലോയ്ക്ക് താഴെയുള്ള വിഭാഗത്തിൽ കണ്ണൂർ ടാഗോർ വിദ്യാനികേതൻ ഗവ. എച്ച്.എസ്.എസിലെ ഹർഷിൽ പ്രകാശ് സ്വർണം നേടി. കോലഞ്ചേരി സെന്റ് പീറ്റേഴ്സിലെ അദ്വൈത് അനൂപ് വെള്ളിയും നെടുംകുന്നം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ്സിലെ എസ്. അഭിറാമും പൊയ്യ എ.കെ.എം.എച്ച്.എസ്.എസിലെ വി.യു. ജഗത് സാരംഗും വെങ്കലവും നേടി. 82 കിലോയ്ക്ക് മുകളിലുള്ള വിഭാഗത്തിൽ ചാത്തന്നൂർ ഗവ. എച്ച്.എസ്.എസിലെ ധരുൺ ബാബു കൊല്ലത്തിന് സ്വർണം നേടിക്കൊടുത്തു. മണ്ണാർക്കാട് എം.ഇ.എസ്. എച്ച്.എസ്.എസിലെ ടി.പി. മുഹമ്മദ് ഷെഹിൻ വെള്ളിയും ആറ്റിങ്ങൽ ഗവ. മോഡൽ എച്ച്.എസ്.എസിലെ എസ്.ബി. നീലകണ്ഠനും കൃഷ്ണപുരം വി.എം.എച്ച്.എസിലെ ടി.ആർ. അർജുൻ കുമാറും വെങ്കലവും നേടി. പെൺകുട്ടികളുടെ 68 കിലോയ്ക്ക് താഴെയുള്ള വിഭാഗത്തിൽ പോത്തൻകോട് എൽ.വി.എച്ച്.എസിലെ നാഹിദ ജെ. ഷംനാദ് തിരുവനന്തപുരത്തിന് സ്വർണം നേടി. കരിവെള്ളൂർ എ.വി.എസ്. ഗവ. എച്ച്.എസ്.എസിലെ വി. അൻവിത വെള്ളിയും മുതുകുളം കെ.വി. സംസ്കൃത എച്ച്.എസ്.എസിലെ ഹൃദിക ഷിബുവും മഞ്ചേരി എച്ച്.എം.വൈ. എച്ച്.എസ്.എസിലെ സി.എസ്. സായോണയും വെങ്കലവും നേടി.




