Home › School Games › അതുലിനെ മറികടന്ന് എബിന് സ്പ്രിന്റ് ഡബിൾ; 200 മീറ്ററിൽ ഇവാനയ്ക്കും ശ്രേയയ്ക്കും സ്വർണം

അതുലിനെ മറികടന്ന് എബിന് സ്പ്രിന്റ് ഡബിൾ; 200 മീറ്ററിൽ ഇവാനയ്ക്കും ശ്രേയയ്ക്കും സ്വർണം

സീനിയർ ആൺകുട്ടികളുടെ 200 മീറ്ററിൽ 100 മീറ്റർ റെക്കോർഡ് ജേതാവ് ടി.എം. അതുൽ രണ്ടാമത്; ആലപ്പുഴ സെന്റ് ജോസഫ്സിന് രണ്ട് സ്വർണം

അതുലിനെ മറികടന്ന് എബിന് സ്പ്രിന്റ് ഡബിൾ; 200 മീറ്ററിൽ ഇവാനയ്ക്കും ശ്രേയയ്ക്കും സ്വർണം

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിലെ സീനിയർ ആൺകുട്ടികളുടെ 200 മീറ്ററിൽ കുന്നംകുളം ഗവ. ബോയ്സ് വി.എച്ച്.എസ്.എസിലെ കെ.ജെ. എബിൻ സ്വർണം നേടി. 21.79 സെക്കൻഡിൽ ഓടിയെത്തിയ എബിൻ, ഇതേ മേളയിൽ 100 മീറ്ററിൽ 10.63 സെക്കൻഡോടെ മീറ്റ് റെക്കോർഡിട്ട ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസിലെ ടി.എം. അതുലിനെ (21.85) സെക്കൻഡിന്റെ ആറ് നൂറിലൊന്ന് വ്യത്യാസത്തിൽ പിന്നിലാക്കി. 400 മീറ്ററിൽ 48.06 സെക്കൻഡുമായി നേരത്തെ സ്വർണം നേടിയ എബിന് ഇതോടെ സ്പ്രിന്റ് ഡബിൾ. ജി.വി. രാജ സ്പോർട്സ് സ്കൂളിലെ ജെറിൻ സി. ജോൺ (22.27) വെങ്കലം നേടി. 2025ൽ ചിറ്റൂർ ജി.എച്ച്.എസ്.എസിലെ ജെ. നിവേദ്കൃഷ്ണ കുറിച്ച 21.67 സെക്കൻഡാണ് ഈ ഇനത്തിലെ മീറ്റ് റെക്കോർഡ്.

ജൂനിയർ പെൺകുട്ടികളുടെ 200 മീറ്ററിൽ സായ് തലശ്ശേരിയിലെ ഇവാന ടോമിയും ഇരട്ട സ്വർണം തികച്ചു. 25.26 സെക്കൻഡിൽ ഓടിയെത്തിയ ഇവാന 400 മീറ്ററിലും (56.33) സ്വർണം നേടിയിരുന്നു. ആലപ്പുഴ സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.എസിലെ സ്നേഹ ശ്യാം (25.85) വെള്ളിയും ജി.വി. രാജയിലെ ജിൽഷ ജിനിൽ (26.06) വെങ്കലവും നേടി. ജൂനിയർ ആൺകുട്ടികളിൽ കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസിലെ വിഷ്ണു യാദവ് 22.05 സെക്കൻഡിൽ ഒന്നാമതെത്തി. ആലപ്പുഴ ലിയോ XIII എച്ച്.എസ്.എസിലെ മിലൻ ജോർജ് (22.41) വെള്ളിയും പുല്ലൂരാംപാറ സെന്റ് ജോസഫ്സിലെ എൻ. അനുദേവ് (22.50) വെങ്കലവും നേടി.

സീനിയർ പെൺകുട്ടികളുടെ 200 മീറ്ററിൽ ആലപ്പുഴ സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.എസിലെ ആർ. ശ്രേയ 25.47 സെക്കൻഡിൽ സ്വർണം നേടി. 400 മീറ്ററിൽ നിവേദ്യ കലാധറിന് പിന്നിൽ വെള്ളി നേടിയിരുന്നു ശ്രേയ. ആളൂർ ആർ.എം. എച്ച്.എസ്.എസിലെ സി.എസ്. അന്നമരിയ (26.13) വെള്ളിയും മാത്തൂർ സി.എഫ്.ഡി.വി.എച്ച്.എസ്.എസിലെ ഡി. ദിൽസ (26.36) വെങ്കലവും നേടി.

സബ് ജൂനിയർ പെൺകുട്ടികളുടെ 200 മീറ്ററിലും ആലപ്പുഴ സെന്റ് ജോസഫ്സിനാണ് സ്വർണം. ഹർഷ ജോൺ 26.63 സെക്കൻഡിൽ ഓടിയെത്തി. ജി.വി. രാജയിലെ എസ്. സങ്കീർത്തന (27.15) വെള്ളിയും തമ്പകച്ചുവട് ഗവ. യു.പി.എസിലെ എസ്. സ്നേഹ (27.55) വെങ്കലവും നേടി. സബ് ജൂനിയർ ആൺകുട്ടികളിൽ മാത്തൂർ സി.എഫ്.ഡി.വി.എച്ച്.എസ്.എസിലെ പി. പ്രഹ്ലാദ് 24.74 സെക്കൻഡിൽ സ്വർണം നേടി. മേപ്പയൂർ ജി.വി.എച്ച്.എസ്.എസിലെ ഫസൽ മുഹമ്മദ് (25.23) വെള്ളിയും കടകശ്ശേരി ഐഡിയലിലെ കെ.വി. മുഹമ്മദ് ഇസാൻ (25.51) വെങ്കലവും നേടി. ആറ് ഫൈനലിലും മീറ്റ് റെക്കോർഡ് പിറന്നില്ല.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕