Home › School Games › പ്രായത്തട്ടിപ്പിൽ ശിക്ഷ കുട്ടികൾക്ക് മാത്രമോ?; സ്ക്കൂളുകൾക്കും രേഖ തിരുത്തുന്നവർക്കും ശിക്ഷയില്ലേ?

പ്രായത്തട്ടിപ്പിൽ ശിക്ഷ കുട്ടികൾക്ക് മാത്രമോ?; സ്ക്കൂളുകൾക്കും രേഖ തിരുത്തുന്നവർക്കും ശിക്ഷയില്ലേ?

സംസ്ഥാന സ്കൂൾ കായികമേളയിലെ പ്രായത്തട്ടിപ്പ് വിവാദത്തിൽ കുട്ടികളെ പ്രതികളാക്കുന്നതിന് മുമ്പ് ചോദിക്കേണ്ടത് മുതിർന്നവരോട്; അധ്യാപകനെതിരെ നടപടിയെടുത്തു, സ്കൂളിനെതിരെയും നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി; ലോബിയെ കണ്ടെത്തണമെന്ന് അഞ്ജു ബോബി ജോർജ്

പ്രായത്തട്ടിപ്പിൽ ശിക്ഷ കുട്ടികൾക്ക് മാത്രമോ?; സ്ക്കൂളുകൾക്കും രേഖ തിരുത്തുന്നവർക്കും ശിക്ഷയില്ലേ?

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയുടെ ചരിത്രത്തിൽ ആദ്യമായി എല്ല് പരിശോധന (ബോൺ ടെസ്റ്റ്) വഴി പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചപ്പോൾ പുറത്തായത് ഒരു കുട്ടിയാണ്. 14 വയസ്സിൽ താഴെയുള്ളവർക്കുള്ള സബ് ജൂനിയർ വിഭാഗത്തിൽ സ്വർണം നേടിയ കുട്ടിക്ക് 15നും 18നും ഇടയിലാണ് പ്രായമെന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ പരിശോധനാ റിപ്പോർട്ട്. കുട്ടിയെ അയോഗ്യനാക്കി, മെഡൽ തിരിച്ചെടുക്കാനും തീരുമാനിച്ചു. പക്ഷേ ആ കുട്ടിയുടെ പ്രായം കുറച്ച് രേഖയാക്കിയത് ആര്? ആ രേഖകളുമായി എൻട്രി നൽകിയത് ആര്? ആ ചോദ്യങ്ങൾക്ക് ഇതുവരെ ഉത്തരമില്ല.

ഒരു പതിനാലുകാരനോ പതിനാറുകാരനോ സ്വന്തമായി ജനന സർട്ടിഫിക്കറ്റോ ആധാർ കാർഡോ തിരുത്താനാകില്ല. സ്കൂളിൽ ചേർക്കുന്നതും രേഖകൾ സമർപ്പിക്കുന്നതും മേളയിലേക്ക് എൻട്രി അയക്കുന്നതും മുതിർന്നവരാണ്. എന്നിട്ടും തട്ടിപ്പ് പിടിക്കപ്പെടുമ്പോൾ ആദ്യം മെഡൽ നഷ്ടമാകുന്നതും അപമാനം ചുമക്കേണ്ടി വരുന്നതും കുട്ടിയാണ്.

ഇത്തവണ നടപടി കുട്ടിയിൽ ഒതുങ്ങില്ലെന്ന സൂചനയാണ് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നൽകുന്നത്. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ബന്ധപ്പെട്ട അധ്യാപകനെതിരെ വകുപ്പ് നടപടി എടുത്തുകഴിഞ്ഞെന്നും സ്കൂളിനെതിരെയും നടപടിയുണ്ടാകുമെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു. "നിയമം നിയമത്തിന്റെ വഴിക്ക് പോകും," എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. അടുത്ത വർഷം മുതൽ ജില്ലാതലത്തിൽ തന്നെ പ്രായപരിശോധന കർശനമാക്കുമെന്നും അദ്ദേഹം അറിയിച്ചു. തട്ടിപ്പിൽ പങ്കില്ലെന്നാണ് ബന്ധപ്പെട്ട സ്കൂളിന്റെ നിലപാട്.

ഈ വാക്ക് പാലിക്കപ്പെടുമോ എന്നതാണ് ചോദ്യം. കഴിഞ്ഞ വർഷം 21 വയസ്സുള്ള ഒരാൾ വ്യാജ ആധാറുമായി 19 വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ മത്സരിച്ച് മെഡൽ നേടിയ കേസിൽ, ശരിയായ പ്രവേശന രേഖകൾ ഹാജരാക്കാതിരുന്ന സ്കൂളിന് ലഭിച്ചത് താക്കീത് മാത്രമായിരുന്നു. താക്കീതിൽ നിന്ന് യഥാർത്ഥ ശിക്ഷയിലേക്ക് എത്താത്തിടത്തോളം തട്ടിപ്പ് ആവർത്തിക്കും.

പരാതി ഉയർന്ന മറ്റൊരു കുട്ടിയുടെ കാര്യത്തിൽ പരിശോധന നടക്കുന്നതേയുള്ളൂവെന്ന് മന്ത്രി തന്നെ പറയുന്നു. പക്ഷേ അന്വേഷണം പൂർത്തിയാകും മുമ്പേ സോഷ്യൽ മീഡിയ വിധി പറഞ്ഞുകഴിഞ്ഞു. കുട്ടികളുടെ ചിത്രങ്ങൾക്ക് താഴെ രൂപം നോക്കി പ്രായം നിശ്ചയിക്കുന്ന വിദ്വേഷ കമന്റുകൾ നിറയുകയാണ്. തട്ടിപ്പ് തെളിഞ്ഞാൽ ഉത്തരവാദികൾ രേഖ തിരുത്തിയ മുതിർന്നവരാണ്. തെളിഞ്ഞില്ലെങ്കിൽ, ഒരു തെറ്റും ചെയ്യാത്ത കുട്ടിയെ ആൾക്കൂട്ടം ശിക്ഷിച്ചുകഴിഞ്ഞിരിക്കും. രണ്ടായാലും അമ്പ് ചെന്ന് കൊള്ളുന്നത് കുട്ടിയിലാണ്.

ഇവിടെയാണ് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിന്റെ നിലപാട് പ്രസക്തമാകുന്നത്. കുട്ടികളുടെ പ്രായം കുറച്ച് മത്സരിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകണമെന്നാണ് അവർ ആവശ്യപ്പെട്ടത്. "പ്രായത്തട്ടിപ്പിന് പിന്നിൽ ലോബിയുണ്ടെങ്കിൽ സർക്കാർ നടപടിയെടുക്കണം," എന്ന് അവർ പറഞ്ഞു. കാര്യക്ഷമമായ അന്വേഷണവും അവർ ആവശ്യപ്പെട്ടു. മേളയ്ക്ക് മുമ്പ് ഓൺമനോരമയ്ക്ക് നൽകിയ അഭിമുഖത്തിലും അവർ കുറ്റം ചാർത്തിയത് മുതിർന്നവരെയാണ്. സ്കൂൾ കായികമേളയെ ഒളിമ്പിക്സിനോളം വലുതായി കാണുന്ന മെഡൽ ഭ്രമമാണ് ഇതിന് കാരണമെന്ന് അവർ ചൂണ്ടിക്കാട്ടി. തട്ടിപ്പ് നടത്തുന്ന സ്കൂളുകൾക്ക് അഞ്ച് മുതൽ പത്ത് ലക്ഷം രൂപ വരെ പിഴയും തെറ്റുചെയ്യുന്ന പരിശീലകർക്ക് വിലക്കും ഏർപ്പെടുത്തണമെന്നാണ് അവരുടെ നിർദേശം. ആധാർ കാർഡ് വ്യാജമായി ഉണ്ടാക്കാൻ ബുദ്ധിമുട്ടില്ലാത്ത സാഹചര്യത്തിൽ, അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ യൂണിക് ഐഡന്റിഫിക്കേഷൻ കാർഡ് സംവിധാനം സ്കൂൾ മേളകളിലും കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.

പക്ഷേ ഈ വിവാദത്തിൽ ആരും കാണാതെ പോകുന്ന മറ്റൊരു കുട്ടിയുണ്ട്, അതേ ട്രാക്കിൽ കൂടെ ഓടിയ കുട്ടി. സ്വർണം അർഹിക്കുന്ന ആ കുട്ടിക്ക് വിക്ടറി സ്റ്റാൻഡിലെ മുകളിലെ പടി നഷ്ടമായി. സ്വർണം കിട്ടിയത് പിന്നീട് ഒരു ഉത്തരവിലൂടെയാണ്. ഇതുപോലെ എത്ര കുട്ടികൾ കാണാപ്പുറത്ത് പിന്തള്ളപ്പെട്ടിട്ടുണ്ടാകും? "തട്ടിപ്പും കുറുക്കുവഴികളും ജയിക്കുമ്പോൾ യഥാർത്ഥ പ്രതിഭകൾ അരികിലേക്ക് തള്ളപ്പെടുന്നു. നിരാശരായ അവർ ഒടുവിൽ കളി തന്നെ ഉപേക്ഷിക്കുന്നു," എന്ന് അഞ്ജു ഓൺമനോരമ അഭിമുഖത്തിൽ പറഞ്ഞത് ഇവിടെ ഏറെ പ്രസക്തമാണ്.

പ്രായത്തട്ടിപ്പിന് ഇരകളാകുന്നത് രണ്ട് കുട്ടികളാണ്: മുതിർന്നവർ തട്ടിപ്പിലേക്ക് തള്ളിവിടുന്ന കുട്ടിയും, അതിന്റെ ഫലം അനുഭവിക്കുന്ന കൂടെ ഓടുന്ന കുട്ടിയും. രണ്ടാമത്തെ കുട്ടിയുടെ സങ്കടം ആദ്യത്തെ കുട്ടിയും അറിയണം, അതാണ് കായികമൂല്യം. പക്ഷേ ആ പാഠം ആദ്യം പഠിക്കേണ്ടത് രേഖകളിൽ ഒപ്പിട്ട മുതിർന്നവരാണ്. അന്വേഷണം കുട്ടിയിൽ അവസാനിച്ചാൽ, അടുത്ത മേളയിലും എല്ല് പരിശോധന വേണ്ടി വരും.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕