Home › School Games › നടത്തത്തിൽ ആതിഥേയർക്ക് സ്വർണം; ബാഡ്മിന്റണിലും കോഴിക്കോടിന്റെ നേട്ടം

നടത്തത്തിൽ ആതിഥേയർക്ക് സ്വർണം; ബാഡ്മിന്റണിലും കോഴിക്കോടിന്റെ നേട്ടം

ജൂനിയർ ആൺകുട്ടികളുടെ 5 കി.മീ. നടത്തത്തിൽ സി.എസ്. അനന്തുവിന് സ്വർണം. ജൂനിയർ പെൺകുട്ടികളുടെ നടത്തത്തിൽ ആലത്തിയൂരിന്റെ കെ. ശിഖ ഒന്നാമത്

നടത്തത്തിൽ ആതിഥേയർക്ക് സ്വർണം; ബാഡ്മിന്റണിലും കോഴിക്കോടിന്റെ നേട്ടം
ജൂനിയർ ആൺകുട്ടികളുടെ 5 കിലോമീറ്റർ നടത്തത്തിൽ സി.എസ്. അനന്തു ഒന്നാമതെത്തുന്നു.

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ ഇന്ന് രാവിലെ നടന്ന ജൂനിയർ ആൺകുട്ടികളുടെ 5 കിലോമീറ്റർ നടത്തത്തിൽ ആതിഥേയരായ കോഴിക്കോടിന് സ്വർണം. കുളത്തുവയൽ സെന്റ് ജോർജസ് എച്ച്.എസ്.എസ്സിലെ പ്ലസ് ടു വിദ്യാർത്ഥി സി.എസ്. അനന്തു 23:29.41 മിനിറ്റിൽ ഫിനിഷ് ചെയ്ത് ഒന്നാമതെത്തി. മലപ്പുറം രായിരിമംഗലം എസ്.എം.എം.എച്ച്.എസ്.എസ്സിലെ എം.പി. മുഹമ്മദ് റംസാൻ (23:45.96) വെള്ളിയും എറണാകുളം കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസ്സിലെ അഡോൺ വർഗീസ് (23:53.84) വെങ്കലവും നേടി.

ജൂനിയർ പെൺകുട്ടികളുടെ 3 കിലോമീറ്റർ നടത്തത്തിൽ മലപ്പുറത്തിന്റെ ആധിപത്യമായിരുന്നു. ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസിലെ കെ. ശിഖ 15:07.22 മിനിറ്റിൽ സ്വർണത്തിലേക്ക് നടന്നുകയറി. രണ്ടാമതെത്തിയ കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ്സിലെ സി. റൂബി റൈഹാനേക്കാൾ (16:05.80) ഏകദേശം ഒരു മിനിറ്റ് മുന്നിലായിരുന്നു ശിഖ. പാലക്കാട് മുണ്ടൂർ എച്ച്.എസിലെ ആർ. ശ്രേയ (16:11.93) വെങ്കലം നേടി. ആലത്തിയൂരിലെ എ. ഗായത്രി നാലാമതായി. സീനിയർ ഡിസ്കസ് ത്രോയ്ക്ക് ശേഷം ആലത്തിയൂർ സ്കൂളിന് ഇതോടെ മേളയിൽ രണ്ടാം സ്വർണം.

സബ് ജൂനിയർ പെൺകുട്ടികളുടെ ലോങ്ങ് ജംപിൽ കോട്ടയം ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്.എസിലെ അനുഗ്രഹ കൃഷ്ണൻ 5.01 മീറ്റർ ചാടി സ്വർണം നേടി. കണ്ണൂർ പിണറായി വെസ്റ്റ് ബി.യു.പി.എസിലെ ഏഴാം ക്ലാസുകാരി സി.പി. തേജലക്ഷ്മി (4.90) വെള്ളിയും മുണ്ടൂർ എച്ച്.എസിലെ സിദ്ധ സുരേഷ് (4.75) വെങ്കലവും നേടി. ഇതോടെ മുണ്ടൂർ എച്ച്.എസിന് രാവിലെ രണ്ട് വെങ്കലമായി.

ഗെയിംസിൽ ജൂനിയർ ആൺകുട്ടികളുടെ ബാഡ്മിന്റണിൽ കോഴിക്കോട് ചാമ്പ്യന്മാരായി. എസ്.കെ. വാസുദേവ് സതീഷ് നയിച്ച ടീമിന് പിന്നിൽ ആലപ്പുഴ വെള്ളിയും എറണാകുളം വെങ്കലവും നേടി. ജൂനിയർ പെൺകുട്ടികളുടെ ബാഡ്മിന്റണിൽ ആഞ്ജലീന എലിസബത്ത് രാജു നയിച്ച എറണാകുളത്തിനാണ് സ്വർണം. കോട്ടയം രണ്ടാമതും കോഴിക്കോട് മൂന്നാമതുമായി.

ബാൾ ബാഡ്മിന്റണിൽ ജൂനിയർ പെൺകുട്ടികളുടെ കിരീടം മലപ്പുറം സ്വന്തമാക്കി. ഇ. ആഷിമ നയിച്ച പത്തംഗ ടീമിൽ ആറ് പേർ തിരുവാലി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ളവരാണ്. എറണാകുളം വെള്ളിയും പാലക്കാട് വെങ്കലവും നേടി. ജൂനിയർ ആൺകുട്ടികളുടെ ബാൾ ബാഡ്മിന്റണിൽ ദർശൻ ഷാ നയിച്ച കൊല്ലം സ്വർണം നേടി. മലപ്പുറം വെള്ളിയും തൃശൂർ വെങ്കലവും സ്വന്തമാക്കി.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕