Home › School Games › ഡിസ്കസിൽ ആലത്തിയൂരിന്റെ ഷബീസ്; യോഗയിൽ സ്നേഹിലിന് ഇരട്ട സ്വർണം

ഡിസ്കസിൽ ആലത്തിയൂരിന്റെ ഷബീസ്; യോഗയിൽ സ്നേഹിലിന് ഇരട്ട സ്വർണം

സീനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ മലപ്പുറത്തിന് സ്വർണവും വെങ്കലവും; വെള്ളിയും വെങ്കലവും തമ്മിലുള്ള വ്യത്യാസം ഒരു സെന്റിമീറ്റർ. ട്രഡീഷണൽ യോഗാസനത്തിൽ കണ്ണൂരിന് ഇരട്ടക്കിരീടം

ഡിസ്കസിൽ ആലത്തിയൂരിന്റെ ഷബീസ്; യോഗയിൽ സ്നേഹിലിന് ഇരട്ട സ്വർണം
സീനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിലെ ജേതാക്കൾ മെഡലുമായി

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ (1.5 കിലോ) മലപ്പുറം ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസിലെ കെ.പി. മുഹമ്മദ് ഷബീസിന് സ്വർണം. പതിനൊന്നാം ക്ലാസുകാരനായ ഷബീസ് 40.26 മീറ്ററാണ് ഡിസ്ക് എറിഞ്ഞത്. പത്തനംതിട്ട കുളനട പഞ്ചായത്ത് എച്ച്.എസ്.എസിലെ മാത്യു വർഗീസ് കോശി (39.86 മീ.) വെള്ളി നേടി. മൂക്കുതല പി.സി.എൻ.ജി.എച്ച്.എസ്.എസിലെ സി.എസ്. മുഹമ്മദ് നിതാഷ് വെള്ളിക്ക് ഒരു സെന്റിമീറ്റർ മാത്രം അകലെ (39.85 മീ.) വെങ്കലത്തിലൊതുങ്ങി. സ്വർണവും വെങ്കലവും തമ്മിലുള്ള അകലം 41 സെന്റിമീറ്റർ മാത്രം. 2024ൽ കുറിച്ച 60.24 മീറ്ററാണ് ഈ വിഭാഗത്തിലെ മീറ്റ് റെക്കോർഡ്.

ത്രോ ഇനങ്ങളിൽ ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസിന്റെ കുതിപ്പ് തുടരുകയാണ്. ഇതേ സ്കൂളിലെ വി. മുഹമ്മദ് ഫഹദ് ഇന്നലെ ജൂനിയർ ആൺകുട്ടികളുടെ ഡിസ്കസിൽ സ്വർണവും ഇന്ന് രാവിലെ ഷോട്ട്പുട്ടിൽ വെള്ളിയും നേടിയിരുന്നു.

ജൂനിയർ ആൺകുട്ടികളുടെ ട്രഡീഷണൽ യോഗാസന സിംഗിളിൽ പിണറായി എ.കെ.ജി. ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പി. സ്നേഹിൽ ഒന്നാമതെത്തി. ഇന്ന് ആർട്ടിസ്റ്റിക് യോഗാസന പെയറിലും കണ്ണൂരിനായി സ്വർണം നേടിയ ഒമ്പതാം ക്ലാസുകാരന് ഇതോടെ മേളയിൽ ഇരട്ട സ്വർണമായി. തിരുവനന്തപുരം മാറനല്ലൂർ ഡി.വി.എം.എൻ.എൻ.എം. എച്ച്.എസ്.എസിലെ പി.എസ്. ആദിത്യ കൃഷ്ണൻ രണ്ടാം സ്ഥാനവും കാസർകോട് കുഡ്ലു എസ്.ജി.കെ. എച്ച്.എസിലെ എ. അൻവിത് ഷെട്ടി മൂന്നാം സ്ഥാനവും നേടി.

ജൂനിയർ പെൺകുട്ടികളുടെ ട്രഡീഷണൽ യോഗാസന സിംഗിളിലും കണ്ണൂരിനാണ് സ്വർണം. പെരളശ്ശേരി എ.കെ.ജി.എസ്. ഗവ. എച്ച്.എസ്.എസിലെ പതിനൊന്നാം ക്ലാസുകാരി എം. അനുഷ്ക ഒന്നാമതെത്തി. രാമനാട്ടുകര സേവാമന്ദിർ പി.ബി. എച്ച്.എസ്.എസിലെ ടി.കെ. ഉമ ജിൻജു രണ്ടാം സ്ഥാനത്തോടെ ആതിഥേയരായ കോഴിക്കോടിന് വെള്ളി സമ്മാനിച്ചു. തൃശൂർ തിരൂർ സെന്റ് തോമസ് എച്ച്.എസിലെ അന്ന മരിയ കെ. ബാബുവിനാണ് വെങ്കലം. ഇന്ന് ഇതുവരെ ഫലം വന്ന മൂന്ന് യോഗ ഇനങ്ങളിലും കണ്ണൂർ ഒന്നാമതെത്തി.

ജൂനിയർ പെൺകുട്ടികളുടെ ബാസ്കറ്റ്ബോളിലും കണ്ണൂർ ജേതാക്കളായി. കോട്ടയം രണ്ടാം സ്ഥാനത്തും തൃശൂർ മൂന്നാം സ്ഥാനത്തുമെത്തി. ആതിഥേയരായ കോഴിക്കോട് നാലാമതായി. പള്ളിക്കുന്ന് ഗവ. എച്ച്.എസ്.എസിലെ കെ. അനന്യ നയിച്ച ടീമിൽ കണ്ണൂർ ജി.വി.എച്ച്.എസ്.എസിലെ അഞ്ചും പള്ളിക്കുന്നിലെ നാലും താരങ്ങളുണ്ട്. തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് എച്ച്.എസ്., ചന്ദനക്കാംപാറ ചെറുപുഷ്പം എച്ച്.എസ്., ചെമ്പന്തൊട്ടി സെന്റ് ജോർജ് എച്ച്.എസ്. എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരും. യോഗയിലെ സ്വർണങ്ങൾക്ക് പിന്നാലെയാണ് കണ്ണൂരിന്റെ ഈ നേട്ടം.

ജൂനിയർ ആൺകുട്ടികളുടെ ബാസ്കറ്റ്ബോളിൽ തൃശൂർ സ്വർണം നേടി. തിരുവനന്തപുരം രണ്ടാമതും കോട്ടയം മൂന്നാമതുമെത്തി. കുന്നംകുളം ഗവ. ബോയ്സ് വി.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസുകാരൻ എം.എം. മാധവ് കൃഷ്ണയാണ് തൃശൂർ ടീമിന്റെ ക്യാപ്റ്റൻ. ടീമിലെ 12 പേരിൽ ആറുപേർ കുന്നംകുളം സ്കൂളിൽ നിന്നും അഞ്ചുപേർ കൊരട്ടി എൽ.എഫ്.സി. എച്ച്.എസ്.എസിൽ നിന്നുമുള്ളവരാണ്. പാവറട്ടി സെന്റ് ജോസഫ്സ് എച്ച്.എസ്.എസിലെ ജോൺ മാർട്ടിനാണ് പന്ത്രണ്ടാമൻ. പെൺകുട്ടികളുടെ വിഭാഗത്തിൽ വെങ്കലം നേടിയ തൃശൂർ ടീമിലും ഏഴുപേർ കൊരട്ടി എൽ.എഫ്.സി. എച്ച്.എസ്.എസിലെ താരങ്ങളായിരുന്നു.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕