ഷട്ടിലിൽ എറണാകുളത്തിനും കോട്ടയത്തിനും സ്വർണം; നെറ്റ്ബോളിൽ പത്തനംതിട്ട
സബ് ജൂനിയർ ബാഡ്മിന്റണിൽ ആൺകുട്ടികളിൽ എറണാകുളവും പെൺകുട്ടികളിൽ കോട്ടയവും ജേതാക്കൾ. ആർട്ടിസ്റ്റിക് യോഗാസനത്തിൽ കണ്ണൂരിന് ഒന്നാം സ്ഥാനം

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയുടെ ഗെയിംസ് വേദികളിൽ ഇന്ന് ഉച്ച വരെ നാല് ഇനങ്ങളുടെ ഫലം വന്നു. സബ് ജൂനിയർ ബാഡ്മിന്റണിൽ ആൺകുട്ടികളുടെ കിരീടം എറണാകുളം സ്വന്തമാക്കി. തിരുവനന്തപുരം രണ്ടാമതും കോഴിക്കോട് മൂന്നാമതുമെത്തി. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് വി.എച്ച്.എസ്. ആൻഡ് എച്ച്.എസ്.എസിലെ കെ.കെ. ഹാദി ഹംദാനാണ് എറണാകുളം ടീമിന്റെ ക്യാപ്റ്റൻ. ഇതേ സ്കൂളിലെ എ. ഇഷാൻ ദേവ്, പള്ളുരുത്തി സെന്റ് ഡൊമിനിക്സ് ഇ.എം. എച്ച്.എസിലെ ആസ്ട്രിഡ് ജോസഫ്, കോട്ടപ്പടി മാർ ഏലിയാസ് എച്ച്.എസ്.എസിലെ ഗൗതം ലാൽ, പൊന്നുരുന്നി സി.കെ.സി. എച്ച്.എസിലെ നിഹാൻ ഹരി എന്നിവരാണ് ടീമിലെ മറ്റംഗങ്ങൾ.
പെൺകുട്ടികളുടെ സബ് ജൂനിയർ ബാഡ്മിന്റണിൽ കോട്ടയം ജേതാക്കളായി. എറണാകുളം രണ്ടാം സ്ഥാനത്തും തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമായി. പാലാ സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്.എസിലെ റിതിക നമ്പ്യാർ നയിച്ച ടീമിൽ ഇതേ സ്കൂളിലെ വരദ സുഗേഷ്, കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. എച്ച്.എസ്.എസിലെ ജിയന്ന റോസ് റോയ്, വൈക്കം സെന്റ് ലിറ്റിൽ തെരേസാസ് ഗേൾസ് എച്ച്.എസ്.എസിലെ ഗൗരിപ്രിയ ധീരജ്, ജെനിലിയ ജിനോ എന്നിവരും കളിച്ചു.
സീനിയർ ആൺകുട്ടികളുടെ നെറ്റ്ബോളിൽ പത്തനംതിട്ടയ്ക്കാണ് സ്വർണം. പാലക്കാട് രണ്ടാമതും ആലപ്പുഴ മൂന്നാമതുമെത്തി. എ. ആദിഘോഷ് നയിച്ച 12 അംഗ പത്തനംതിട്ട ടീമിലെ ഒമ്പതുപേരും ഇരവിപേരൂർ സി.എസ്.എച്ച്. സ്കൂളിൽ നിന്നുള്ളവരാണ്. കിടങ്ങന്നൂർ എസ്.വി.ജി.വി. എച്ച്.എസ്.എസ്., കുറിയന്നൂർ എം.ടി. എച്ച്.എസ്., മാരാമൺ എം.എം.എ. എച്ച്.എസ്. എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരും.
ജൂനിയർ ആൺകുട്ടികളുടെ ആർട്ടിസ്റ്റിക് യോഗാസന പെയറിൽ കണ്ണൂർ ഒന്നാമതെത്തി. പിണറായി എ.കെ.ജി. ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പി. സ്നേഹിൽ, മാമ്പറം എച്ച്.എസ്.എസിലെ സി. റിജ്വൽ എന്നീ ഒമ്പതാം ക്ലാസുകാരാണ് കണ്ണൂരിനായി ഇറങ്ങിയത്. തൃശൂർ രണ്ടാം സ്ഥാനവും കൊല്ലം മൂന്നാം സ്ഥാനവും നേടി. ഇന്ന് രാവിലെ ജൂനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ സ്വർണം നേടിയ ബി.കെ. അൻവികയും മാമ്പറം എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയാണ്.
ഗെയിംസിൽ ഒന്നാം സ്ഥാനത്തിന് 10 പോയിന്റും രണ്ടാം സ്ഥാനത്തിന് ആറും മൂന്നാം സ്ഥാനത്തിന് രണ്ടും പോയിന്റാണ് ലഭിക്കുക. ഇതോടെ ഇന്നത്തെ നാല് ഇനങ്ങളിൽ നിന്ന് എറണാകുളത്തിന് 16ഉം തിരുവനന്തപുരത്തിന് എട്ടും പോയിന്റ് കിട്ടി.




