Home › Cricket › ജയിക്കാൻ 408, കൈയിൽ ആറ് വിക്കറ്റ്; രഞ്ജിയിൽ കേരളം തോൽവിയുടെ നിഴലിൽ

ജയിക്കാൻ 408, കൈയിൽ ആറ് വിക്കറ്റ്; രഞ്ജിയിൽ കേരളം തോൽവിയുടെ നിഴലിൽ

ബംഗാളിനെതിരെ ആദ്യ ഇന്നിങ്സിൽ 141ന് പുറത്തായ കേരളം രണ്ടാം ഇന്നിങ്സിൽ നാലിന് 53 എന്ന നിലയിൽ. ജലജ് സക്സേനയ്ക്ക് അഞ്ച് വിക്കറ്റ്; കേരളത്തെ വീഴ്ത്തി പ്രദീപ്ത പ്രമാണിക്

ജയിക്കാൻ 408, കൈയിൽ ആറ് വിക്കറ്റ്; രഞ്ജിയിൽ കേരളം തോൽവിയുടെ നിഴലിൽ

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ബംഗാളിനെതിരെ കേരളം തോൽവിയുടെ വക്കിൽ. 408 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം തേടി ഇറങ്ങിയ കേരളം മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ നാല് വിക്കറ്റിന് 53 റൺസെന്ന നിലയിലാണ്. അവസാന ദിവസം ആറ് വിക്കറ്റ് ശേഷിക്കെ കേരളത്തിന് ജയിക്കാൻ 355 റൺസ് കൂടി വേണം. ജയത്തേക്കാൾ പിച്ചിൽ പിടിച്ചുനിന്ന് സമനില നേടുകയാകും നാളെ കേരളത്തിന് മുന്നിലുള്ള യഥാർത്ഥ വെല്ലുവിളി. 19 റൺസുമായി ക്യാപ്റ്റൻ വിഷ്ണു വിനോദും അക്കൗണ്ട് തുറക്കാതെ സൽമാൻ നിസാറുമാണ് ക്രീസിൽ.

ആറ് വിക്കറ്റിന് 101 റൺസെന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിങ് തുടർന്ന കേരളത്തിന് ശേഷിക്കുന്ന നാല് വിക്കറ്റും 40 റൺസിനിടെ നഷ്ടമായി. ആദ്യ ഇന്നിങ്സ് 141 റൺസിൽ അവസാനിച്ചതോടെ ബംഗാളിന് 209 റൺസിന്റെ കൂറ്റൻ ലീഡ്. 65 പന്തിൽ 30 റൺസുമായി പുറത്താകാതെ നിന്ന മുഹമ്മദ് അസ്ഹറുദ്ദീൻ മാത്രമാണ് പിടിച്ചുനിന്നത്. ജലജ് സക്സേന (6), വൈശാഖ് ചന്ദ്രൻ (5), എം.ഡി. നിധീഷ് (0) എന്നിവരെ പ്രദീപ്ത പ്രമാണിക് മടക്കി. എൻ.പി. ബേസിൽ റൺഔട്ടായതോടെ ഇന്നിങ്സിന് തിരശ്ശീല. 44 റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയ പ്രമാണിക്കാണ് കേരളത്തെ തകർത്തത്. മുഹമ്മദ് ഷമി മൂന്നും ഷഹബാസ് അഹ്മദ് രണ്ടും വിക്കറ്റുകൾ നേടി.

ഫോളോ ഓൺ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്സിനിറങ്ങിയ ബംഗാളിനെ ജലജ് സക്സേനയുടെ സ്പിൻ വലയിലാക്കി. 70 റൺസിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജലജിനൊപ്പം ആദിത്യ സർവാടെ മൂന്നും എൻ.പി. ബേസിൽ രണ്ടും വിക്കറ്റുകൾ വീഴ്ത്തിയതോടെ ബംഗാൾ 198 റൺസിന് എല്ലാവരും പുറത്തായി. 47 റൺസെടുത്ത ക്യാപ്റ്റൻ അഭിമന്യു ഈശ്വരനാണ് ബംഗാളിന്റെ ടോപ് സ്കോറർ. സുദീപ് ചാറ്റർജി 34ഉം അഭിഷേക് പോറൽ 21ഉം റൺസെടുത്തു. വാലറ്റത്ത് മൂന്ന് സിക്സറുകളുമായി 19 പന്തിൽ 26 റൺസെടുത്ത മുഹമ്മദ് ഷമിയുടെ വെടിക്കെട്ട് ബംഗാളിന്റെ ലീഡ് 400 കടത്തി.

കൂറ്റൻ ലക്ഷ്യം തേടിയിറങ്ങിയ കേരളത്തെ പ്രദീപ്ത പ്രമാണിക് വീണ്ടും വരിഞ്ഞുകെട്ടി. വീണ നാല് വിക്കറ്റും ഇടതുകൈയൻ സ്പിന്നറുടെ പേരിലാണ്. ഓപ്പണർ അഭിഷേക് ജെ. നായർ ആറ് പന്തുകൾ നേരിട്ട് റൺസെടുക്കാതെ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങി. അഭിഷേക് പി. നായർ ആദ്യ പന്തിൽ തന്നെ ക്ലീൻ ബൗൾഡായി. 18 റൺസെടുത്ത ജലജ് സക്സേനയെ സുദീപ് ചാറ്റർജി പിടികൂടി. 10 റൺസെടുത്ത സച്ചിൻ ബേബിയെ അഭിഷേക് പോറൽ സ്റ്റംപ് ചെയ്തതോടെ കേരളം വീണ്ടും പ്രതിരോധത്തിലായി. രണ്ട് ഇന്നിങ്സുകളിലുമായി പ്രമാണിക്കിന് ഇതുവരെ എട്ട് വിക്കറ്റായി.

പിച്ച് സ്പിന്നിനെ തുണയ്ക്കുന്ന സാഹചര്യത്തിൽ അവസാന ദിവസം മുഴുവൻ ബാറ്റ് ചെയ്ത് സമനില പിടിക്കുക എന്നതാകും കേരളത്തിന്റെ ലക്ഷ്യം. വിഷ്ണു വിനോദും സൽമാൻ നിസാറും പിന്നാലെ ഇറങ്ങാനുള്ള മുഹമ്മദ് അസ്ഹറുദ്ദീനും അടക്കമുള്ള ബാറ്റർമാരുടെ ചെറുത്തുനിൽപ്പിലാണ് ഇനി പ്രതീക്ഷ.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕