Home › School Games › ലോങ്ങ് ജംപിൽ വിഷ്ണുവിന്റെ റെക്കോർഡ് കുതിപ്പ്; ആതിഥേയർക്ക് കൃഷ്ണേന്ദുവിന്റെ സ്വർണം

ലോങ്ങ് ജംപിൽ വിഷ്ണുവിന്റെ റെക്കോർഡ് കുതിപ്പ്; ആതിഥേയർക്ക് കൃഷ്ണേന്ദുവിന്റെ സ്വർണം

സ്വർണം ജൂനിയർ ആൺകുട്ടികളുടെ ലോങ്ങ് ജംപിൽ 7.31 മീറ്ററുമായി കോട്ടയത്തിന്റെ വിഷ്ണു യാദവിന് മീറ്റ് റെക്കോർഡ്. ജൂനിയർ പെൺകുട്ടികളുടെ ലോങ്ങ് ജംപിൽ കോഴിക്കോടിന് സ്വർണം; ഷോട്ട്പുട്ടിൽ കാസർകോടിന്റെ റിതുഭേദിന് സ്വർണം, ഇന്നലെ ഡിസ്കസിൽ വെള്ളി

ലോങ്ങ് ജംപിൽ വിഷ്ണുവിന്റെ റെക്കോർഡ് കുതിപ്പ്; ആതിഥേയർക്ക് കൃഷ്ണേന്ദുവിന്റെ സ്വർണം
വിഷ്ണു യാദവ്

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺകുട്ടികളുടെ ലോങ്ങ് ജംപിൽ കോട്ടയം കോരുതോട് സി.കെ.എം.എച്ച്.എസ്.എസിലെ വിഷ്ണു യാദവിന് മീറ്റ് റെക്കോർഡോടെ സ്വർണം. 7.31 മീറ്റർ ചാടിയ പതിനൊന്നാം ക്ലാസുകാരൻ 2017ൽ കുറിച്ച 7.05 മീറ്ററിന്റെ റെക്കോർഡാണ് മറികടന്നത്. ഒമ്പത് വർഷം പഴക്കമുള്ള റെക്കോർഡിനെക്കാൾ 26 സെന്റിമീറ്റർ കൂടുതൽ. രണ്ടാമതെത്തിയ മലപ്പുറം കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസിലെ ഡോൺ മാർട്ടിനേക്കാൾ (6.89 മീ.) 42 സെന്റിമീറ്റർ മുന്നിലായിരുന്നു വിഷ്ണു. കോഴിക്കോട് ദേവഗിരി സാവിയോ എച്ച്.എസ്.എസിലെ പി. പ്രണവ് (6.69 മീ.) വെങ്കലം നേടി.

ജൂനിയർ പെൺകുട്ടികളുടെ ലോങ്ങ് ജംപിൽ ആതിഥേയരായ കോഴിക്കോടിനാണ് സ്വർണം. പുല്ലൂരാമ്പാറ സെന്റ് ജോസഫ്സ് എച്ച്.എസ്സിലെ എസ്. കൃഷ്ണേന്ദു 5.48 മീറ്റർ ചാടി സ്വന്തം മണ്ണിൽ ഒന്നാമതെത്തി. ആറു സെന്റിമീറ്ററിന്റെ വ്യത്യാസത്തിലാണ് കൃഷ്ണേന്ദുവിന്റെ ജയം.

വെള്ളി, വെങ്കല മെഡലുകൾ നേടിയവർ ഒരേ ദൂരമാണ് ചാടിയത്. 5.42 മീറ്റർ ചാടിയ തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലെ എച്ച്.എസ്. ഹർഷ വെള്ളി നേടിയപ്പോൾ അതേ ദൂരം കണ്ടെത്തിയ മലപ്പുറം കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസിലെ കാവ്യ കൃഷ്ണന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തലശ്ശേരി സായ് കേന്ദ്രത്തിലെ അമേയ വിജയൻ കെ. (കണ്ണൂർ, 5.29 മീ.) നാലാമതായി. 2010ൽ കുറിച്ച 5.86 മീറ്ററാണ് ഈ ഇനത്തിലെ മീറ്റ് റെക്കോർഡ്.

ജൂനിയർ ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ (5 കിലോ) കാസർകോട് കുട്ടമത്ത് ജി.എച്ച്.എസ്.എസിലെ എ.വി. റിതുഭേദിനാണ് സ്വർണം. 13.80 മീറ്ററാണ് റിതുഭേദ് എറിഞ്ഞത്. മലപ്പുറം ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്സിലെ വി. മുഹമ്മദ് ഫഹദ് 13.55 മീറ്ററുമായി വെള്ളിയും പാലക്കാട് മറിയുമ്മ മെമ്മോറിയൽ പബ്ലിക് സ്കൂളിലെ എൻ. റൗസാൻ റോഷൻ 13.20 മീറ്ററുമായി വെങ്കലവും നേടി. മലപ്പുറം പരപ്പൂർ ഐ.യു.എച്ച്.എസ്.എസിലെ വി.ജെ. അഫിഷേക് (12.46 മീ.) നാലാമതെത്തി. 2014ൽ കുറിച്ച 15.31 മീറ്ററാണ് ഈ വിഭാഗത്തിലെ മീറ്റ് റെക്കോർഡ്. ഇന്നലെ നടന്ന ജൂനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ ഇതേ രണ്ടുപേരും സ്ഥാനം മാറി മുഖാമുഖം വന്നിരുന്നു. 42.35 മീറ്ററുമായി മുഹമ്മദ് ഫഹദ് സ്വർണവും 41.13 മീറ്ററുമായി റിതുഭേദ് വെള്ളിയും നേടി.തൃശൂർ മേലൂർ സെന്റ് ജോസഫ്സ് എച്ച്.എസ്സിലെ ജെസിൻ ജോഷിക്കായിരുന്നു (37.25 മീ.) വെങ്കലം. ഇതോടെ മേളയിൽ ഇരുവർക്കും ഒരു സ്വർണവും ഒരു വെള്ളിയുമായി.

ജൂനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ (1 കിലോ) കണ്ണൂർ മാമ്പറം എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസുകാരി ബി.കെ. അൻവിക 33.69 മീറ്ററുമായി സ്വർണം നേടി. രണ്ടാമതെത്തിയ കോഴിക്കോട് മേപ്പയൂർ ജി.വി.എച്ച്.എസ്.എസിലെ അഭിനയയേക്കാൾ (31.70 മീ.) രണ്ടു മീറ്ററോളം മുന്നിലായിരുന്നു അൻവിക. മലപ്പുറം പൂക്കോളത്തൂർ സി.എച്ച്.എം.എച്ച്.എസ്സിലെ കെ. അമയ നാലു സെന്റിമീറ്ററിന്റെ വ്യത്യാസത്തിൽ (31.66 മീ.) വെങ്കലത്തിലൊതുങ്ങി. കഴിഞ്ഞ വർഷം കുറിച്ച 38.64 മീറ്ററാണ് ഈ വിഭാഗത്തിലെ മീറ്റ് റെക്കോർഡ്.


Read Next

K SPORTSSPORTS. STORIES. BEYOND.
⌕