ലോങ്ങ് ജംപിൽ വെങ്കലം, ഹർഡിൽസിൽ സ്വർണം; സിദ്ധ സുരേഷിന്റെ മധുരപ്രതികാരം
സബ് ജൂനിയർ പെൺകുട്ടികളുടെ 80 മീറ്റർ ഹർഡിൽസിൽ ലോങ്ങ് ജംപ് ജേതാവ് അനുഗ്രഹ കൃഷ്ണനെ പിന്തള്ളി മുണ്ടൂരിന്റെ സിദ്ധ. ആൺകുട്ടികളിൽ കെ.വി. മുഹമ്മദ് ഇസാനും ഡിസ്കസിൽ കെ.കെ. അമേഘ് കൃഷ്ണയ്ക്കും സ്വർണം

കോഴിക്കോട്: രാവിലെ ലോങ്ങ് ജംപിൽ വെങ്കലത്തിലൊതുങ്ങിയ പാലക്കാട് മുണ്ടൂർ എച്ച്.എസിലെ സിദ്ധ സുരേഷിന് ഹർഡിൽസിൽ സ്വർണം. സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ പെൺകുട്ടികളുടെ 80 മീറ്റർ ഹർഡിൽസിൽ 13.19 സെക്കൻഡിൽ ഫിനിഷ് ചെയ്ത എട്ടാം ക്ലാസുകാരി, ലോങ്ങ് ജംപിൽ സ്വർണം നേടിയ കോട്ടയം ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്.എസിലെ അനുഗ്രഹ കൃഷ്ണനെ (13.34) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. രാവിലെ ലോങ്ങ് ജംപിൽ അനുഗ്രഹ സിദ്ധയെക്കാൾ ഏകദേശം കാൽ മീറ്റർ മുന്നിലായിരുന്നെങ്കിൽ, ഹർഡിൽസിൽ സിദ്ധ 0.15 സെക്കൻഡിന് മുന്നിലെത്തി. തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലെ കെ.ടി. അഴ ഷാൻ (13.45) വെങ്കലം നേടി. രാവിലെ സിദ്ധയുടെയും ആർ. ശ്രേയയുടെയും വെങ്കലങ്ങളുമായി മടങ്ങിയ മുണ്ടൂർ എച്ച്.എസിന് ഇതോടെ ഇന്ന് ആദ്യ സ്വർണം.
സബ് ജൂനിയർ ആൺകുട്ടികളുടെ 80 മീറ്റർ ഹർഡിൽസിൽ മലപ്പുറം കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ്സിലെ കെ.വി. മുഹമ്മദ് ഇസാൻ 12.17 സെക്കൻഡിൽ സ്വർണം നേടി. ജി.വി. രാജയിലെ എം. ശ്രീഹരിയെ (12.21) 0.04 സെക്കൻഡ് വ്യത്യാസത്തിലാണ് ഇസാൻ മറികടന്നത്. കൊല്ലം ചവറ മുക്കുതോട് ജി.യു.പി.എസിലെ ഏഴാം ക്ലാസുകാരൻ സാബിർ ഉദ്ദീൻ (12.44) വെങ്കലം നേടി. രാവിലെ നടത്തത്തിൽ വെള്ളി നേടിയ കടകശ്ശേരി ഐഡിയൽ സ്കൂളിന് ഇതോടെ സ്വർണവുമായി.
സബ് ജൂനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ (1 കിലോ) തൃശൂർ മതിലകം സെന്റ് ജോസഫ്സ് എച്ച്.എസിന് സ്വർണവും വെങ്കലവും. കെ.കെ. അമേഘ് കൃഷ്ണ 37.74 മീറ്റർ എറിഞ്ഞ് സ്വർണം നേടിയപ്പോൾ സ്കൂളിലെ സഹതാരം അലൈൻ കൃഷ്ണ (31.63) വെങ്കലം സ്വന്തമാക്കി. കോഴിക്കോട് തിരുവമ്പാടി ഇൻഫന്റ് ജീസസ് ഇ.എം.എച്ച്.എസിലെ ആരോൺ ജോസഫ് അനീഷിനാണ് (35.94) വെള്ളി.




