Home › School Games › ഒരേ പ്രായം, ഒരേ ആഴ്ച, രണ്ട് മീറ്റ്; ചെന്നൈക്കും കോഴിക്കോടിനുമിടയിൽ ഓടിത്തളരുന്ന കുട്ടികൾ

ഒരേ പ്രായം, ഒരേ ആഴ്ച, രണ്ട് മീറ്റ്; ചെന്നൈക്കും കോഴിക്കോടിനുമിടയിൽ ഓടിത്തളരുന്ന കുട്ടികൾ

ദേശീയ ജൂനിയർ അത്‌ലറ്റിക്ക്സ് ചാമ്പ്യൻഷിപ്പും സംസ്ഥാന സ്കൂൾ കായികമേളയും മൂന്ന് ദിവസം ഒരേ സമയത്ത്; റിക്കവറിക്ക് സമയമില്ലാതെ തുടർച്ചയായ മത്സരങ്ങൾ, കായികാധ്യാപകർ ചോദിക്കുന്നു: ആർക്കുവേണ്ടിയാണ് ഈ കലണ്ടർ?

ഒരേ പ്രായം, ഒരേ ആഴ്ച, രണ്ട് മീറ്റ്; ചെന്നൈക്കും കോഴിക്കോടിനുമിടയിൽ ഓടിത്തളരുന്ന കുട്ടികൾ

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയുടെ കൊടിയിറങ്ങി. തിരുവനന്തപുരം സ്വർണക്കപ്പ് നിലനിർത്തി, അത്‌ലറ്റിക്ക്സിൽ മലപ്പുറം ചാമ്പ്യൻമാരായി. പക്ഷേ ആഘോഷങ്ങൾ കഴിയുമ്പോഴും കായികാധ്യാപകരുടെയും പരിശീലകരുടെയും മുന്നിൽ ഒരു ചോദ്യം ബാക്കിയാണ്. ഒരേ പ്രായക്കാർക്കുള്ള രണ്ട് പ്രധാന മീറ്റുകൾ ഒരേ ആഴ്ച നടത്തിയാൽ കുട്ടികൾ എവിടെ ഓടും? അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ 41ആം ദേശീയ ജൂനിയർ അത്‌ലറ്റിക്ക്സ് ചാമ്പ്യൻഷിപ്പ് ചെന്നൈ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നടന്നത് ഒക്ടോബർ 23 മുതൽ 27 വരെയാണ്. അണ്ടർ 14, 16, 18, 20 വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ. വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് തുടങ്ങിയത് ഒക്ടോബർ 25ന്. അതേ പ്രായക്കാർക്കുള്ള രണ്ട് മീറ്റുകൾ മൂന്ന് ദിവസം ഒരേ സമയത്ത് നടന്നു. ചെന്നൈയിൽ മത്സരം തീർന്ന ഒക്ടോബർ 27ന് തന്നെയാണ് കോഴിക്കോട് അത്‌ലറ്റിക്സ് ഇനങ്ങൾ തുടങ്ങിയതും.

ഈ തീയതികളുടെ വില എന്താണെന്ന് കണക്കുകൾ പറയും. ദേശീയ മീറ്റിലേക്ക് യോഗ്യത നേടിയ കേരളത്തിലെ 128 താരങ്ങളിൽ രജിസ്റ്റർ ചെയ്തത് 62 പേർ മാത്രമാണെന്ന് ഓൺ മനോരമ റിപ്പോർട്ട് ചെയ്തു. പകുതിയിലധികം കുട്ടികൾ ദേശീയ മീറ്റ് വേണ്ടെന്നുവെച്ചു. കാരണം ലളിതമാണ്: സ്കൂൾ മേളയിൽ മത്സരിച്ചാലേ ഗ്രേസ് മാർക്ക് ലഭിക്കൂ. ചെന്നൈയിലേക്ക് പോയവരിൽ പലരും യാത്രയും താമസവും സ്വന്തം ചെലവിലാണ് വഹിച്ചത്. മീറ്റ് പുനഃക്രമീകരിക്കണമെന്ന ആവശ്യം പലതവണ ഉയർന്നെങ്കിലും വകുപ്പ് ഇടപെട്ടില്ല. ദേശീയ ജൂനിയർ മീറ്റാണ് ഇന്ത്യൻ ടീമിലേക്കുള്ള ആദ്യ വാതിൽ. സ്കൂൾ മേള കേരളത്തിലെ ഏതൊരു കുട്ടിക്കും ഒഴിച്ചുകൂടാനാകാത്തതും. രണ്ടിലൊന്ന് തിരഞ്ഞെടുക്കേണ്ടി വരുന്നത് കുട്ടികളുടെ തെറ്റല്ല.

രണ്ടും തിരഞ്ഞെടുത്തവരുടെ അവസ്ഥ ഇതിലും മോശമായിരുന്നു. ചെന്നൈയിൽ ഹെപ്റ്റാത്ലൺ മത്സരിച്ച തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലെ ഇ. രോഹിത് ഒക്ടോബർ 27ന് ഉച്ചയോടെയാണ് കോഴിക്കോട് എത്തിയത്. വൈകുന്നേരം നാല് മണിക്ക് ലോങ്ങ് ജംപ്. ഭക്ഷണം കഴിക്കാതെയാണ് ചാടാൻ ഇറങ്ങിയതെന്ന് ആ താരം പറഞ്ഞു. ട്രിപ്പിൾ ജംപിൽ വെങ്കലം നേടിയെങ്കിലും ശരീരം വഴങ്ങാതെ ലോങ്ങ് ജംപ്, ഹൈജംപ് ഫൈനലുകളിൽ നിന്ന് പിൻവാങ്ങേണ്ടി വന്നു. കംബൈൻഡ് ഇനങ്ങളിൽ മത്സരിക്കുന്ന ഒരു കുട്ടിക്ക് കുറഞ്ഞത് ഏഴ് ദിവസത്തെ വിശ്രമം വേണമെന്ന് അദ്ദേഹത്തിന്റെ പരിശീലകൻ എസ്.കെ. അഖിൽ പറയുന്നു. വിശ്രമമില്ലാതെ ഇറങ്ങുന്നത് പരിക്കിന് വഴിവെക്കുമെന്നും മത്സരക്രമം വളരെ നേരത്തെ പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

കായികാധ്യാപകർ ഉന്നയിക്കുന്നത് ഇതേ പ്രശ്നത്തിന്റെ വലിയ ചിത്രമാണ്. ഓണപ്പരീക്ഷ കഴിഞ്ഞ് എത്തുന്ന കുട്ടികൾ നേരെ ചെന്നുകയറുന്നത് സ്കൂൾ, സബ് ജില്ല, ജില്ല, സംസ്ഥാന മേളകളുടെ തുടർച്ചയിലേക്കാണ്. ഇടതോരാതെ പെയ്യുന്ന മഴയിൽ പരിശീലനത്തിന് സൗകര്യം പോലുമില്ല. ഇതിനിടയിൽ അത്‌ലറ്റിക്സ് ഫെഡറേഷന്റെ ജില്ല, സംസ്ഥാന, സൗത്ത് സോൺ മീറ്റുകളും കടന്നാണ് കുട്ടികൾ ദേശീയ മീറ്റിലെത്തുന്നത്. ഒരു മാസത്തിനുള്ളിൽ ഇത്രയും മത്സരങ്ങൾ, ഒന്നിനും ഇടയിൽ ഒരാഴ്ച പോലും റിക്കവറി ഇല്ലാതെ. പേശീവലിവും പരിക്കും കാരണം പല കുട്ടികളുടെയും കായികജീവിതം സ്കൂൾ തലത്തിൽ തന്നെ അവസാനിക്കുന്നുവെന്നാണ് അധ്യാപകരുടെ ആശങ്ക.

മേളയുടെ തീയതി മുമ്പ് ഇങ്ങനെയായിരുന്നില്ല. 2019ൽ കണ്ണൂരിൽ നവംബർ 15 മുതൽ 18 വരെയും 2022ൽ തിരുവനന്തപുരത്ത് ഡിസംബർ 3 മുതൽ 6 വരെയുമായിരുന്നു അത്‌ലറ്റിക്സ് മത്സരങ്ങൾ. 2023ൽ ഇത് ഒക്ടോബറിലേക്ക് നീങ്ങി. നവംബർ അവസാനം മേള നടത്തിയിരുന്നപ്പോൾ ദേശീയ ജൂനിയർ മീറ്റിനും സ്കൂൾ മേളയ്ക്കും ഇടയിൽ കുട്ടികൾക്ക് വീണ്ടെടുക്കാനും പരിശീലിക്കാനും സമയം കിട്ടിയിരുന്നുവെന്ന് അധ്യാപകർ ഓർമ്മിപ്പിക്കുന്നു. ദേശീയ സ്കൂൾ മീറ്റിലേക്കുള്ള ടീമിനെ തിരഞ്ഞെടുക്കലാണ് സംസ്ഥാന മേളയുടെ ഒരു ലക്ഷ്യമെങ്കിൽ, വർഷാവസാനം നടക്കുന്ന ദേശീയ മീറ്റിന് വേണ്ടി ഒക്ടോബറിൽ തന്നെ സംസ്ഥാന മേള തീർക്കേണ്ടതുണ്ടോ എന്നാണ് അവരുടെ ചോദ്യം.

ഇത് ഈ സർക്കാരിന്റെയോ കഴിഞ്ഞ സർക്കാരിന്റെയോ മാത്രം പ്രശ്നമല്ല. വിദ്യാഭ്യാസ വകുപ്പും അത്‌ലറ്റിക്സ് ഫെഡറേഷനും കലണ്ടർ തയ്യാറാക്കുമ്പോൾ പരസ്പരം സംസാരിക്കുന്നില്ല എന്നതാണ് അടിസ്ഥാന പ്രശ്നം. എഎഫ്ഐയുടെ ദേശീയ കലണ്ടർ വർഷാരംഭത്തിൽ തന്നെ പുറത്തുവരുന്നതാണ്. അത് നോക്കി സംസ്ഥാന മേളയുടെ തീയതി നിശ്ചയിക്കാൻ യാതൊരു തടസ്സവുമില്ല. കൂടാതെ, പരിശീലകരും മുതിർന്ന കായികതാരങ്ങളും ഈ വിഷയത്തിൽ പരസ്യമായി ശബ്ദമുയർത്തുന്നില്ലെന്ന പരാതിയും അധ്യാപകർക്കുണ്ട്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ സ്കൂൾ മേളയിൽ നിരവധി റെക്കോർഡുകൾ തിരുത്തപ്പെട്ടു. ആ താരങ്ങളിൽ എത്ര പേർ ദേശീയ, അന്താരാഷ്ട്ര തലത്തിലെത്തി എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോൾ കലണ്ടറും ചർച്ചയിൽ വരണം. സ്കൂൾ തലത്തിലെ മെഡലുകളേക്കാൾ വലുതാണ് ഒരു കുട്ടിയുടെ കായിക ഭാവി. അതിന് ആദ്യം വേണ്ടത് കുട്ടികളെ ഓടിച്ച് തളർത്താത്ത ഒരു കലണ്ടറാണ്.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕