Home › Football › റൊണാൾഡോയ്ക്ക് ഹാട്രിക്; ആയിരം ഗോളിലേക്ക് ഇനി 15 ഗോൾ ദൂരം

റൊണാൾഡോയ്ക്ക് ഹാട്രിക്; ആയിരം ഗോളിലേക്ക് ഇനി 15 ഗോൾ ദൂരം

15 മിനിറ്റിനുള്ളിൽ മൂന്ന് ഗോൾ നേടിയ റൊണാൾഡോയുടെ മികവിൽ അൽ ഖലൂദിനെതിരെ അൽ നസ്റിന് 5-3 ജയം. ജാവോ ഫെലിക്സിന് നാല് അസിസ്റ്റ്

റൊണാൾഡോയ്ക്ക് ഹാട്രിക്; ആയിരം ഗോളിലേക്ക് ഇനി 15 ഗോൾ ദൂരം
Image Courtesy: https://www.facebook.com/Cristiano

റിയാദ്: സൗദി പ്രോ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക് മികവിൽ അൽ ഖലൂദിനെ 5-3ന് തോൽപ്പിച്ച് അൽ നസ്ർ. 2-2ന് സമനിലയിൽ നിൽക്കെ 66, 72, 81 മിനിറ്റുകളിലായിരുന്നു ക്യാപ്റ്റന്റെ മൂന്ന് ഗോളുകൾ. ഇതോടെ റൊണാൾഡോയുടെ കരിയർ ഗോൾ നേട്ടം 985 ആയി. ആയിരം ഗോൾ എന്ന നാഴികക്കല്ലിലേക്ക് ഇനി 15 ഗോളുകളുടെ ദൂരം മാത്രം. അൽ അവ്വൽ പാർക്കിൽ നടന്ന മത്സരത്തിൽ നാല് ഗോളുകൾക്ക് വഴിയൊരുക്കിയ ജാവോ ഫെലിക്സും തിളങ്ങി.

16ആം മിനിറ്റിൽ ജൂലിയൻ ഡൊമിംഗസിന്റെ ഗോളിൽ അൽ ഖലൂദാണ് ആദ്യം മുന്നിലെത്തിയത്. അബ്ദുൾറഹ്മാൻ അൽ ദോസരിയുടേതായിരുന്നു അസിസ്റ്റ്. 24ആം മിനിറ്റിൽ ഫെലിക്സിന്റെ പാസിൽ നിന്ന് ആഞ്ചലോ അൽ നസ്റിനെ ഒപ്പമെത്തിച്ചു. 38ആം മിനിറ്റിൽ അതിവേഗ പ്രത്യാക്രമണത്തിനൊടുവിൽ ഫെലിക്സ് നൽകിയ പന്ത് സാദിയോ മാനെ വലയിലെത്തിച്ചതോടെ ആതിഥേയർ 2-1ന് മുന്നിൽ. എന്നാൽ രണ്ടാം പകുതി തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ ഡൊമിംഗസിന്റെ അസിസ്റ്റിൽ അന്റോയിൻ എസോംബ അൽ ഖലൂദിനെ വീണ്ടും ഒപ്പമെത്തിച്ചു.

പിന്നീടായിരുന്നു റൊണാൾഡോ ഷോ. 66ആം മിനിറ്റിൽ ഫെലിക്സിന്റെ പാസിൽ തൊട്ടടുത്ത് നിന്ന് ഇടംകാൽ ഷോട്ടിലൂടെ ആദ്യ ഗോൾ. ആറ് മിനിറ്റിനകം ഫെലിക്സിന്റെ തന്നെ ക്രോസിൽ നിന്ന് ഹെഡറിലൂടെ രണ്ടാം ഗോൾ. 81ആം മിനിറ്റിൽ മാനെയുടെ പാസിൽ ബോക്സിന്റെ മധ്യത്തിൽ നിന്ന് വലംകാൽ ഷോട്ടിലൂടെ ഹാട്രിക് തികച്ചു. ഇടംകാൽ, ഹെഡർ, വലംകാൽ എന്നിങ്ങനെ മൂന്ന് രീതിയിലായിരുന്നു മൂന്ന് ഗോളുകളും. ഇഞ്ച്വറി ടൈമിൽ മുഹമ്മദ് സവാനെ ബോക്സിൽ വീഴ്ത്തിയതിന് വാർ പരിശോധനയ്ക്ക് ശേഷം ലഭിച്ച പെനാൽറ്റി ഡൊമിംഗസ് ഗോളാക്കിയതോടെ സ്കോർ 5-3 ആയി. രണ്ട് ഗോളും ഒരു അസിസ്റ്റുമായി ഡൊമിംഗസാണ് അൽ ഖലൂദ് നിരയിൽ തിളങ്ങിയത്.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕