Home › School Games › ഹർഡിൽസിൽ അനാമികയുടെ റെക്കോർഡ്; ചാരമംഗലത്തിന് വീണ്ടും മീറ്റ് റെക്കോർഡ്

ഹർഡിൽസിൽ അനാമികയുടെ റെക്കോർഡ്; ചാരമംഗലത്തിന് വീണ്ടും മീറ്റ് റെക്കോർഡ്

സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ 13.69 സെക്കൻഡിൽ അനാമിക അജേഷ് എട്ട് വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തി. സീനിയർ ആൺകുട്ടികളുടെ ഹർഡിൽസിൽ കടകശ്ശേരിയുടെ കെ. അമൽ കൃഷ്ണയ്ക്ക് സ്വർണം

ഹർഡിൽസിൽ അനാമികയുടെ റെക്കോർഡ്; ചാരമംഗലത്തിന് വീണ്ടും മീറ്റ് റെക്കോർഡ്
സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ ആലപ്പുഴയുടെ അനാമിക അജേഷിന് മീറ്റ് റെക്കോർഡോടെ സ്വർണം നേടുന്നു

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ ആലപ്പുഴ ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസ്സിലെ അനാമിക അജേഷിന് മീറ്റ് റെക്കോർഡോടെ സ്വർണം. 13.69 സെക്കൻഡിൽ ഫിനിഷ് ചെയ്ത പ്ലസ് വൺ വിദ്യാർത്ഥിനി, 2018ൽ കുറിക്കപ്പെട്ട 13.85 സെക്കൻഡിന്റെ റെക്കോർഡാണ് തിരുത്തിയത്. രണ്ടാമതെത്തിയ പാലക്കാട് വടവന്നൂർ വി.എം.എച്ച്.എസിലെ എൻ.എസ്. വിഷ്ണുശ്രീക്കാൾ (14.69) ഒരു സെക്കൻഡ് മുന്നിലായിരുന്നു അനാമിക. കണ്ണൂർ സായ് തലശ്ശേരിയിലെ അന്ന റോസ് രാജു (14.88) വെങ്കലം നേടി. സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ ടി.എം. അതുൽ മീറ്റ് റെക്കോർഡ് കുറിച്ചതും ചാരമംഗലം സ്കൂളിൽ നിന്നായിരുന്നു. ഇതോടെ ഈ മേളയിൽ ചാരമംഗലത്തിന് രണ്ടാം മീറ്റ് റെക്കോർഡ്.

സീനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ മലപ്പുറം കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ്സിലെ കെ. അമൽ കൃഷ്ണ 13.91 സെക്കൻഡിൽ സ്വർണം നേടി. കണ്ണൂർ കരിവെള്ളൂർ എ.വി.എസ്. ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കെ. അഭിനവ് (14.06) വെള്ളിയും മുണ്ടൂർ എച്ച്.എസിലെ കെ.എ. അലൻജിത്ത് (14.08) വെങ്കലവും നേടി. സബ് ജൂനിയർ ഹർഡിൽസിൽ കെ.വി. മുഹമ്മദ് ഇസാന് പിന്നാലെ കടകശ്ശേരി ഐഡിയൽ സ്കൂളിന് ഇന്ന് ഹർഡിൽസിൽ രണ്ടാം സ്വർണം.

ജൂനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലെ ഗൗരേഷ് ബിനോയ് 13.96 സെക്കൻഡിൽ സ്വർണം നേടി. 2023ലെ മീറ്റ് റെക്കോർഡിന് (13.84) വെറും 0.12 സെക്കൻഡ് അകലെയാണ് പത്താം ക്ലാസുകാരൻ ഫിനിഷ് ചെയ്തത്. വടവന്നൂർ വി.എം.എച്ച്.എസിലെ ആർ. വൈഭവ് ദേവ് (14.28) വെള്ളിയും കോഴിക്കോട് സായിയിലെ ടി.പി. മുഹമ്മദ് ആഹിൽ ലബീബ് (14.37) വെങ്കലവും നേടി.

ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ കണ്ണൂർ ജി.വി.എച്ച്.എസ്.എസ്സിലെ ടി.വി. ദേവശ്രീ 14.63 സെക്കൻഡിൽ സ്വർണം നേടി. മുണ്ടൂർ എച്ച്.എസിലെ എം. റൈഹാന (14.76) വെള്ളിയും പറളി എച്ച്.എസിലെ സി.കെ. സ്വാതി കൃഷ്ണൻ (15.18) വെങ്കലവും നേടി. സബ് ജൂനിയർ ഹർഡിൽസിൽ സിദ്ധ സുരേഷിലൂടെ സ്വർണം നേടിയ മുണ്ടൂർ എച്ച്.എസിന് ഹർഡിൽസിൽ ഇന്ന് വെള്ളിയും വെങ്കലവും കൂടി.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕