ആതിഥേയർക്ക് ബാസ്കറ്റ്ബോൾ സ്വർണം; കരാട്ടെയിൽ മലപ്പുറത്തിന് നാല് സ്വർണം
സീനിയർ ആൺകുട്ടികളുടെ ബാസ്കറ്റ്ബോളിൽ കോഴിക്കോട്, പെൺകുട്ടികളിൽ എറണാകുളം; സബ് ജൂനിയർ ബോൾ ബാഡ്മിന്റണിൽ തൃശൂരിനും കാസർകോടിനും കിരീടം

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിലെ സീനിയർ ആൺകുട്ടികളുടെ ബാസ്കറ്റ്ബോൾ കിരീടം ആതിഥേയരായ കോഴിക്കോടിന്. തൃശൂർ രണ്ടാം സ്ഥാനവും കൊല്ലം മൂന്നാം സ്ഥാനവും നേടി. സീനിയർ പെൺകുട്ടികളുടെ ബാസ്കറ്റ്ബോളിൽ എറണാകുളം ചാമ്പ്യന്മാരായപ്പോൾ കോഴിക്കോടിന് വെള്ളിയും തൃശൂരിന് വെങ്കലവും ലഭിച്ചു. ഇതോടെ രണ്ട് വിഭാഗങ്ങളിലും കോഴിക്കോട് മെഡൽ സ്വന്തമാക്കി.
സീനിയർ വിഭാഗം കരാട്ടെയിൽ മലപ്പുറം നാല് സ്വർണം വാരി. ആൺകുട്ടികളുടെ 74 കിലോയ്ക്ക് താഴെയുള്ള വിഭാഗത്തിൽ തൃക്കാവ് ജി.എച്ച്.എസ്.എസിലെ പി. ദേവസൂര്യയും 78 കിലോ വിഭാഗത്തിൽ മാറഞ്ചേരി ജി.എച്ച്.എസ്.എസിലെ കെ.വി. ദേവിദാസും സ്വർണം നേടി. പെൺകുട്ടികളുടെ 60 കിലോ വിഭാഗത്തിൽ മലപ്പുറം എം.എസ്.പി. ഇ.എം.എച്ച്.എസിലെ എ. ശ്രേയ പ്രദോഷും 68 കിലോയ്ക്ക് മുകളിലുള്ള വിഭാഗത്തിൽ താനൂർ ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ വി.എച്ച്.എസ്.എസിലെ കെ. ശിഖ ഷാജിയും ഒന്നാമതെത്തി.
74 കിലോ വിഭാഗത്തിലെ ഫൈനൽ രണ്ട് ദേവസൂര്യമാർ തമ്മിലായിരുന്നു എന്നതും കൗതുകമായി. പള്ളിമൺ ഗവ. എച്ച്.എസ്.എസിലെ എസ്. ദേവസൂര്യയാണ് കൊല്ലത്തിന് വെള്ളി നേടിയത്. അയിരൂർപ്പാറ ഗവ. എച്ച്.എസ്.എസിലെ ശ്രീഹരി ആർ. മംഗത്തും സുൽത്താൻ ബത്തേരി ജി.എസ്.വി.എച്ച്.എസ്.എസിലെ പി.ഇ. അതുൽ കൃഷ്ണയും വെങ്കലം നേടി. 78 കിലോയിൽ ചവറ ജി.എച്ച്.എസ്.എസിലെ എ.എസ്. അംജദിനാണ് വെള്ളി. തുറവൂർ മാർ അഗസ്റ്റിൻസ് ഹൈസ്കൂളിലെ ജോആൻ ജിജോയും പുല്ലൂരാംപാറ സെന്റ് ജോസഫ്സിലെ ഒ.എസ്. അമർനാഥും വെങ്കലം നേടി. 60 കിലോയിൽ ആറ്റിങ്ങൽ ഗവ. മോഡൽ എച്ച്.എസ്.എസിലെ ആർ.ആർ. അനാമിക വെള്ളിയും കരുവാറ്റ എൻ.എസ്.എസ്. എച്ച്.എസ്.എസിലെ അവനി അജിയും അഴീക്കോട് എച്ച്.എസ്.എസിലെ പി. സമന്നയും വെങ്കലവും നേടി. 68 കിലോയ്ക്ക് മുകളിലുള്ള വിഭാഗത്തിൽ ഉദയംപേരൂർ എസ്.എൻ.ഡി.പി. എച്ച്.എസ്.എസിലെ പി.എം. ദിവ്യശ്രീ വെള്ളിയും പുറക്കാട് എസ്.എൻ.എം. എച്ച്.എസ്.എസിലെ അരുന്ധതി ശരത്തും ളാക്കാട്ടൂർ എം.ജി.എം. എൻ.എസ്.എസ്. എച്ച്.എസ്.എസിലെ ഗോപിക ആർ. നായരും വെങ്കലവും നേടി.
തിരുവനന്തപുരം കരാട്ടെയിൽ മൂന്ന് സ്വർണം നേടി. ആൺകുട്ടികളുടെ 66 കിലോ വിഭാഗത്തിൽ നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ എച്ച്.എസ്.എസിലെ എ.എസ്. സൈഹാൻ മുഹമ്മദും 70 കിലോ വിഭാഗത്തിൽ തിരുവനന്തപുരം സെന്റ് ജോസഫ്സ് എച്ച്.എസ്.എസിലെ എസ്. മുഹമ്മദ് ഹയിസമും സ്വർണം നേടി. പെൺകുട്ടികളുടെ 64 കിലോ വിഭാഗത്തിൽ കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്.എസ്.എസിലെ ജി. ആര്യ കൃഷ്ണയും ഒന്നാമതെത്തി. 66 കിലോയിൽ വാകയാട് നടുവണ്ണൂർ എച്ച്.എസ്.എസിലെ അമൽ ഭാസ്കർ കോഴിക്കോടിന് വെള്ളി നേടിക്കൊടുത്തു. കല്ലിൽ ഗവ. എച്ച്.എസ്.എസിലെ അദിത് പ്രേമും നെല്ലിപ്പുഴ ഡി.എച്ച്.എസ്.എസിലെ ബി.കെ. സുശീലും വെങ്കലം നേടി. 70 കിലോയിൽ മതിലകം സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ സമീൽ ടി. സുൽഫിക്കർ വെള്ളിയും കരിക്കോട് ശിവറാം എൻ.എസ്.എസ്. എച്ച്.എസ്.എസിലെ അഭിനവ് ഷൈജുവും ചാത്തനൂർ ജി.എച്ച്.എസ്.എസിലെ കെ.പി. മുഹമ്മദ് ഇർഫാനും വെങ്കലവും നേടി. 64 കിലോയിൽ അരീക്കോട് എസ്.ഒ.എച്ച്.എസിലെ കെ. ഫാത്തിമ ബിസ്നീൻ വെള്ളിയും ചെത്തിപ്പുഴ ക്രിസ്തുജ്യോതി ഇ.എം.എച്ച്.എസിലെ അയന അബ്ദുൽ ഖാദറും ബത്തേരി സെന്റ് ജോസഫ്സ് ഇ.എച്ച്.എസ്.എസിലെ ജോസ്ന മരിയ ജിൽസും വെങ്കലവും നേടി.
പെൺകുട്ടികളുടെ 56 കിലോ വിഭാഗത്തിൽ വലപ്പാട് ഗവ. വി.എച്ച്.എസ്.എസിലെ അന്നലിയ തൃശൂരിന് സ്വർണം നേടിക്കൊടുത്തു. ഹരിപ്പാട് ഗവ. ജി.എച്ച്.എസ്.എസിലെ അനിഘ അനിൽകുമാർ വെള്ളിയും കുമരംപുത്തൂർ കെ.എച്ച്.എസിലെ വി.ടി. നിദ ഫാത്തിമയും മഞ്ചേരി എൻ.എസ്.എസ്. ഇ.എം.എച്ച്.എസ്.എസിലെ സി. അനന്യയും വെങ്കലവും നേടി.
സബ് ജൂനിയർ പെൺകുട്ടികളുടെ ബോൾ ബാഡ്മിന്റണിൽ തൃശൂർ ചാമ്പ്യന്മാരായി. പാലക്കാട് വെള്ളിയും കാസർകോട് വെങ്കലവും നേടി. സബ് ജൂനിയർ ആൺകുട്ടികളിൽ കാസർകോടാണ് ജേതാക്കൾ. മലപ്പുറം രണ്ടാം സ്ഥാനവും തൃശൂർ മൂന്നാം സ്ഥാനവും നേടി.




