Home › School Games › ചാട്ടത്തിൽ കടകശ്ശേരി ഐഡിയലിന് ഇരട്ട സ്വർണം; ഷോട്ട്പുട്ടിൽ പത്തനംതിട്ടയുടെ മാത്യു

ചാട്ടത്തിൽ കടകശ്ശേരി ഐഡിയലിന് ഇരട്ട സ്വർണം; ഷോട്ട്പുട്ടിൽ പത്തനംതിട്ടയുടെ മാത്യു

സീനിയർ പെൺകുട്ടികളുടെ ഹൈജംപിൽ ഐഡിയലിന് ഒന്നും രണ്ടും സ്ഥാനങ്ങൾ; ഹാമർ ത്രോയിൽ കോഴിക്കോടിനും പാലക്കാടിനും സ്വർണം

ചാട്ടത്തിൽ കടകശ്ശേരി ഐഡിയലിന് ഇരട്ട സ്വർണം; ഷോട്ട്പുട്ടിൽ പത്തനംതിട്ടയുടെ മാത്യു
സീനിയർ ആൺ കുട്ടികളുടെ ട്രിപ്പിൾ ജംപിൽ നിന്നും

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിലെ ചാട്ട ഇനങ്ങളിൽ കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ് വീണ്ടും തിളങ്ങി. വെള്ളിയാഴ്ച വൈകുന്നേരം സീനിയർ പെൺകുട്ടികളുടെ ഹൈജംപിലും ജൂനിയർ പെൺകുട്ടികളുടെ പോൾവാൾട്ടിലും ഐഡിയൽ താരങ്ങൾ സ്വർണം നേടി. ഹൈജംപിൽ 1.55 മീറ്റർ ചാടിയ ആഷ്ന ഷൈജു സ്വർണം നേടിയപ്പോൾ, 1.52 മീറ്ററുമായി സഹപാഠി ആൻ ആഷ്‌ലി മനോജ് വെള്ളി സ്വന്തമാക്കി. അതേ ഉയരം ചാടിയ മീനങ്ങാടി ജി.എച്ച്.എസ്.എസിലെ കെ.ജെ. ഋതികയ്ക്കാണ് വെങ്കലം. പോൾവാൾട്ടിൽ 2.90 മീറ്റർ താണ്ടിയ കെ. അനുഷ്ക ഐഡിയലിന് രണ്ടാം സ്വർണം സമ്മാനിച്ചു. ഭരണങ്ങാനത്തുനിന്നുള്ള അനുശ്രീ രാജേഷ് (2.80) വെള്ളിയും എലിസബത്ത് വിൽസൺ (2.60) വെങ്കലവും നേടി. രാവിലെ ജൂനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിലും ഐഡിയലിന് ഒന്നും രണ്ടും സ്ഥാനങ്ങളുണ്ടായിരുന്നു.

സീനിയർ ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ കുളനട പഞ്ചായത്ത് എച്ച്.എസ്.എസിലെ മാത്യു വർഗീസ് കോശി പത്തനംതിട്ടയ്ക്ക് സ്വർണം സമ്മാനിച്ചു. 15.27 മീറ്ററാണ് മാത്യുവിന്റെ മികച്ച ദൂരം. മേളയിൽ നേരത്തെ ഒരു വെള്ളിയും മാത്യു നേടിയിരുന്നു. കോളയാട് സെന്റ് കൊർണേലിയസ് ഹൈസ്കൂളിലെ ടി.പി. തേജസ് പ്രദീപ് (14.63) വെള്ളിയും കിടങ്ങൂർ സെന്റ് ജോസഫ്സിലെ ജീവൻ ഷാജു (14.31) വെങ്കലവും നേടി. 2024ൽ കുട്ടമത്ത് ജി.എച്ച്.എസ്.എസിലെ കെ.സി. സർവൻ കുറിച്ച 17.74 മീറ്ററാണ് ഈ ഇനത്തിലെ മീറ്റ് റെക്കോർഡ്.

സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ കോട്ടയം കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസിലെ ആയുഷ് കുമാർ 14.48 മീറ്റർ ചാടി സ്വർണം നേടി. എടവണ്ണ ഐ.ഒ.എച്ച്.എസിലെ ടി.കെ. അസ്‌ലഹ് (14.03) വെള്ളിയും ജി.വി. രാജ സ്പോർട്സ് സ്കൂളിലെ ഇ. രോഹിത് (14.00) വെങ്കലവും സ്വന്തമാക്കി. വെള്ളിയും വെങ്കലവും തമ്മിലുള്ള വ്യത്യാസം വെറും മൂന്ന് സെന്റിമീറ്റർ.

ഹാമർ ത്രോയിൽ സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ആതിഥേയരായ കോഴിക്കോടിന് സ്വർണം ലഭിച്ചു. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ എൽസിറ്റ് മരിയ മാത്യു 44.31 മീറ്റർ എറിഞ്ഞാണ് ഒന്നാമതെത്തിയത്. ആലപ്പുഴ എസ്.ഡി.വി.ബി.എച്ച്.എസ്.എസിലെ സി.എച്ച്. അതുല്യ (41.47) വെള്ളിയും വട്ടേനാട് ജി.വി.എച്ച്.എസ്.എസിലെ കെ.പി. ആഷിക (40.02) വെങ്കലവും നേടി. ജൂനിയർ ആൺകുട്ടികളുടെ ഹാമർ ത്രോയിൽ പറളി എച്ച്.എസിലെ ഹിരൺ എം. ബിനു 45.08 മീറ്ററുമായി പാലക്കാടിന് സ്വർണം സമ്മാനിച്ചു. ആലപ്പുഴ എസ്.ഡി.വി.ബി.എച്ച്.എസ്.എസിലെ ബിന്യാമിൻ ഷമീർ (44.10) വെള്ളിയും പട്ടാമ്പി ജി.എച്ച്.എസ്.എസിലെ പി. ഗോകുൽ (42.16) വെങ്കലവും നേടി. രണ്ട് ഹാമർ ത്രോയിലും ആലപ്പുഴ എസ്.ഡി.വി.ബി.എച്ച്.എസ്.എസിനാണ് വെള്ളി.

ഇന്നത്തെ ആറ് ഫൈനലുകളിലും മീറ്റ് റെക്കോർഡ് പിറന്നില്ല. മേളയിലെ 96 അത്‌ലറ്റിക്ക്സ് ഇനങ്ങളിൽ 71 എണ്ണം ഇതുവരെ പൂർത്തിയായി.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕