ചാട്ടത്തിൽ അബിയയ്ക്ക് ഇരട്ട സ്വർണം; ഹാമറിൽ അഞ്ച് മീറ്റർ മുന്നിൽ മരിയ
ജൂനിയർ ആൺകുട്ടികളുടെ ഹൈജംപിൽ മലപ്പുറത്തിന് ഒന്നും രണ്ടും; ജാവലിനിൽ 30 സെന്റിമീറ്ററിന്റെ ജയം

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടികളുടെ ഹൈജംപിൽ കോട്ടയം മുരിക്കുംവയൽ ഗവ. വി.എച്ച്.എസ്.എസിലെ അബിയ ആൻ ഗിഗിക്ക് സ്വർണം. 1.63 മീറ്റർ ചാടിയ അബിയ നേരത്തെ ട്രിപ്പിൾ ജംപിലും (11.47) സ്വർണം നേടിയിരുന്നു. ഇതോടെ മേളയിൽ അബിയയ്ക്ക് ഇരട്ട സ്വർണമായി. രണ്ടാം സ്ഥാനത്തെത്തിയവരെക്കാൾ ഒൻപത് സെന്റിമീറ്റർ ഉയരത്തിലാണ് അബിയ ചാടിയത്. കൽപ്പറ്റ ജി.എം.ആർ.എസിലെ അമന്യ മണിയും ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസിലെ എം. അമൃതയും 1.54 മീറ്റർ ചാടിയെങ്കിലും അമന്യയ്ക്കാണ് വെള്ളി.
ജൂനിയർ പെൺകുട്ടികളുടെ ഹാമർ ത്രോയിൽ വെസ്റ്റ് വെങ്ങോല ശാലേം ഹൈസ്കൂളിലെ മരിയ അലെസിയ ജസ്റ്റിൻ എതിരാളികളെ ബഹുദൂരം പിന്നിലാക്കി. 45.91 മീറ്റർ എറിഞ്ഞ് എറണാകുളത്തിന് സ്വർണം നേടിയ മരിയ, രണ്ടാം സ്ഥാനത്തെത്തിയ ആലത്തിയൂരിലെ സി. നഷ്വയെക്കാൾ (40.84) അഞ്ച് മീറ്ററിലേറെ മുന്നിലായിരുന്നു. ആലപ്പുഴ സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.എസിലെ അമേയ തോമസിനാണ് (38.16) വെങ്കലം.
ജൂനിയർ ആൺകുട്ടികളുടെ ഹൈജംപിൽ ആദ്യ രണ്ട് സ്ഥാനങ്ങളും മലപ്പുറത്തിനാണ്. പൂക്കൊളത്തൂർ സി.എച്ച്.എം.എച്ച്.എസിലെ മുഹമ്മദ് റബീഹ് 1.94 മീറ്റർ ചാടി സ്വർണം നേടി. കടകശ്ശേരി ഐഡിയലിലെ വി.പി. ഹാഷിം മുബാറക് (1.88) വെള്ളി നേടി. ട്രിപ്പിൾ ജംപിലും ഹാഷിമിന് വെള്ളിയുണ്ട്. മുണ്ടൂർ എച്ച്.എസിലെ ആർ. ഗൗരീഷ്കൃഷ്ണ (1.85) വെങ്കലം നേടി.
സീനിയർ ആൺകുട്ടികളുടെ ജാവലിനിൽ എടവണ്ണ ഐ.ഒ.എച്ച്.എസിലെ എം.പി. നന്ദകിശോർ 55.80 മീറ്ററുമായി സ്വർണം നേടി. വാണിയംകുളം ടി.ആർ.കെ.എച്ച്.എസ്.എസിലെ പി.എസ്. അഭിഷേകിനെ (55.50) 30 സെന്റിമീറ്ററിന് പിന്നിലാക്കിയാണ് നന്ദകിശോറിന്റെ ജയം. ജി.വി. രാജയിലെ ബി. അനന്തൻ (49.55) വെങ്കലം നേടി.
സബ് ജൂനിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ടിലും പോരാട്ടം കടുത്തതായിരുന്നു. കീരംപാറ സെന്റ് സ്റ്റീഫൻസ് ഗേൾസ് ഹൈസ്കൂളിലെ പി.എസ്. ആദ്യജ്യോതി ഈശ്വർ 9.43 മീറ്ററുമായി എറണാകുളത്തിന് സ്വർണം നേടി. പാനുണ്ട ബി.യു.പി.എസിലെ കെ. ലിയാന ഫൈസൽ മൂന്ന് സെന്റിമീറ്റർ മാത്രം പിന്നിൽ (9.40) വെള്ളിയിലൊതുങ്ങി. പട്ടാമ്പി സെന്റ് പോൾസ് ഹൈസ്കൂളിലെ ജെ.എസ്. ജന്യ (9.02) വെങ്കലം നേടി. അഞ്ച് ഇനങ്ങളിലും മീറ്റ് റെക്കോർഡ് പിറന്നില്ല.




