Home › School Games › 800ലും നിവേദ്യ; വടവന്നൂരിന്റെ താരത്തിന് ട്രിപ്പിൾ സ്വർണം

800ലും നിവേദ്യ; വടവന്നൂരിന്റെ താരത്തിന് ട്രിപ്പിൾ സ്വർണം

സീനിയർ പെൺകുട്ടികളുടെ 800 മീറ്ററിലും ജയിച്ച് നിവേദ്യ കലാധർ. 1500ന് പിന്നാലെ 800ലും ജയിച്ച് അൽക്ക ഷിനോജിനും പി.കെ. ആദിത്തിനും ഇരട്ട സ്വർണം

800ലും നിവേദ്യ; വടവന്നൂരിന്റെ താരത്തിന് ട്രിപ്പിൾ സ്വർണം
സീനിയർ പെൺകുട്ടികളുടെ 800 മീറ്ററിൽ നിവേദ്യ കലാധർ സ്വർണ്ണത്തിലേക്ക് കുതിക്കുന്നു.

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാട് വടവന്നൂർ വി.എം.എച്ച്.എസിലെ നിവേദ്യ കലാധറിന് ട്രിപ്പിൾ സ്വർണം. 400, 1500 മീറ്ററുകളിൽ സ്വർണം നേടിയ നിവേദ്യ ആറാം ദിവസം സീനിയർ പെൺകുട്ടികളുടെ 800 മീറ്ററിലും ഒന്നാമതെത്തി. സംസ്ഥാന സ്കൂൾ കായികമേളയിൽ നിവേദ്യയുടെ മൂന്നാം ട്രിപ്പിളാണിത്. 2022ലെ മേളയിൽ 200, 400, 600 മീറ്ററുകളിലും കഴിഞ്ഞ വർഷം ജൂനിയർ വിഭാഗത്തിൽ 400 (57.06), 800 (2:11.13), 1500 (4:46.80) മീറ്ററുകളിലും നിവേദ്യ സ്വർണം നേടിയിരുന്നു. സീനിയറിലേക്ക് കയറിയപ്പോഴും അതേ മൂന്ന് ഇനങ്ങളിലും താരത്തിന് എതിരാളില്ലാതെ പോയി. സൂര്യകിരൺ അത്‍ലറ്റിക്സ് അക്കാദമിയിലെ അജയകുമാറാണ് പരിശീലകൻ. രണ്ടാമതെത്തിയ പാലക്കാട് ആർ.പി.എം.എച്ച്.എസിലെ ജി. അക്ഷയ (2:23.75) ഏഴ് സെക്കൻഡിലേറെ പിന്നിലായിരുന്നു. കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ്സിലെ സൂസൻ മേരി (2:26.04) വെങ്കലം നേടി.

1500 മീറ്ററിലെ ജൂനിയർ ജേതാക്കൾ 800 മീറ്ററിലും ആധിപത്യം ആവർത്തിച്ചു. ജൂനിയർ പെൺകുട്ടികളുടെ 800 മീറ്ററിൽ കുളത്തുവയൽ സെന്റ് ജോർജസ് എച്ച്.എസ്.എസ്സിലെ ഒമ്പതാം ക്ലാസുകാരി അൽക്ക ഷിനോജ് 2:16.69 മിനിറ്റിൽ സ്വർണം നേടി ആതിഥേയരായ കോഴിക്കോടിന് ഇരട്ടി സന്തോഷം നൽകി. വടവന്നൂർ വി.എം.എച്ച്.എസിലെ കെ. വീണ (2:18.80) വെള്ളിയും കോട്ടയം മുരിക്കുംവയൽ ഗവ. വി.എച്ച്.എസ്.എസ്സിലെ പി. അനയ്ന അജുമുദീൻ (2:21.66) വെങ്കലവും നേടി. ജൂനിയർ ആൺകുട്ടികളുടെ 800 മീറ്ററിൽ തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലെ പി.കെ. ആദിത്തും 1500ന് പിന്നാലെ സ്വർണം ആവർത്തിച്ചു. കട്ടപ്പന എസ്.ജി.എച്ച്.എസ്.എസ്സിലെ താരം (1:58.04) വെള്ളിയും മലപ്പുറത്തിന്റെ ഇ. അജിൻ (1:58.30) വെങ്കലവും നേടി.

സീനിയർ ആൺകുട്ടികളുടെ 800 മീറ്ററിലും ജി.വി. രാജയ്ക്കാണ് സ്വർണം. ശിവപ്രസാദ് ഒന്നാമതെത്തിയപ്പോൾ കടകശ്ശേരി ഐഡിയലിലെ കെ.സി. അമീൻ (1:54.28) വെള്ളിയും സെന്റ് ഡൊമിനിക്സിലെ എസ്.യു. അദ്വൈത് (1:55.72) വെങ്കലവും നേടി. സീനിയർ 1500ലെ ജേതാവ് എം.പി. അമൃത് ഈ ഫൈനലിൽ ഫിനിഷ് ചെയ്തില്ല. നാല് വിഭാഗങ്ങളിലും മീറ്റ് റെക്കോർഡ് പിറന്നില്ല.

Read Next

K SPORTSSPORTS. STORIES. BEYOND.
⌕