ലോങ്ങ് ജംപിൽ നാട്ടികയുടെ അശ്വതി; ജാവലിനിൽ ഇടുക്കിക്ക് സ്വർണം
സീനിയർ പെൺകുട്ടികളുടെ ലോങ്ങ് ജംപിൽ വി.എം. അശ്വതിക്കും ജാവലിനിൽ കെ.എസ്. അവന്തികയ്ക്കും സ്വർണം. ജൂനിയർ പോൾവാൾട്ടിൽ മാർ ബേസിലിന് സ്വർണവും വെങ്കലവും

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ ലോങ്ങ് ജംപിൽ തൃശൂർ നാട്ടിക ഗവ. ഫിഷറീസ് എച്ച്.എസ്.എസ്സിലെ വി.എം. അശ്വതിക്ക് സ്വർണം. 5.67 മീറ്റർ ചാടിയ പ്ലസ് വൺ വിദ്യാർത്ഥിനി, കീരംപാറ എം.എ. കോളേജ് സ്പോർട്സ് ഹോസ്റ്റലിലെ പി.എ. അദബിയ ഫർഹാനെക്കാൾ (5.61) ആറ് സെന്റിമീറ്റർ മുന്നിലെത്തി. തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലെ കെ.വി. അമൃത (5.47) വെങ്കലം നേടി.
സീനിയർ പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ (500 ഗ്രാം) ഇടുക്കി കുമാരമംഗലം എം.കെ.എൻ.എം.എച്ച്.എസിലെ കെ.എസ്. അവന്തിക 33.13 മീറ്റർ എറിഞ്ഞ് സ്വർണം നേടി. വയനാട് പയ്യമ്പള്ളി എസ്.സി.എച്ച്.എസ്.എസ്സിലെ നീതു രാജു (31.08) വെള്ളിയും കാസർഗോഡ് രാജപുരം ഹോളി ഫാമിലി എച്ച്.എസ്.എസ്സിലെ കെ. ദേവിക (27.77) വെങ്കലവും നേടി. ജാവലിനിലെ മൂന്ന് മെഡലുകളും ഇടുക്കി, വയനാട്, കാസർഗോഡ് ജില്ലകൾക്കാണ്. ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസിലെ കെ.പി. അനീന നസീർ നാലാമതായി.
ജൂനിയർ ആൺകുട്ടികളുടെ പോൾവാൾട്ടിൽ എറണാകുളം കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസ്സിലെ പി.എസ്. മിലൻ 3.25 മീറ്റർ ചാടി സ്വർണം നേടി. കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ്സിലെ കെ. ഷാൻ അമൽ (3.20) വെള്ളി നേടി. 3.10 മീറ്റർ വീതം ചാടിയ പറളി എച്ച്.എസിലെ പി.കെ. പ്രജുലും മാർ ബേസിലിലെ ബേസിൽ ബാബുവും വെങ്കലം പങ്കിട്ടു. ഇതോടെ പോൾവാൾട്ടിൽ മാർ ബേസിലിന് സ്വർണവും വെങ്കലവും.
സബ് ജൂനിയർ ആൺകുട്ടികളുടെ ഹൈജംപിൽ ആലപ്പുഴ എഴുപുന്ന സെന്റ് റാഫേൽസ് എച്ച്.എസ്.എസ്സിലെ അഭിജിത്ത് ബിജു 1.62 മീറ്റർ ചാടി സ്വർണം നേടി. കളമശ്ശേരി രാജഗിരി എച്ച്.എസിലെ ഏഴാം ക്ലാസുകാരൻ മുഹമ്മദ് ഫൈസി (1.60) വെള്ളിയും കോഴിക്കോട് മേപ്പയൂർ ജി.വി.എച്ച്.എസ്.എസ്സിലെ കെ. അശ്വദേവ് (1.56) വെങ്കലവും നേടി.




